Breaking Now

സിഗററ്റ് ചോദിച്ചിട്ട് കൊടുത്തില്ല; ഈസ്റ്റ് ഡല്‍വിച്ചില്‍ 30-കാരനെ വലിയ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി; ലണ്ടനിലെ ചോരക്കളിയില്‍ ഭയന്നുവിറച്ച് പൊതുജനം; ആരെയും അറസ്റ്റ് ചെയ്യാതെ പോലീസ്

കേവലം 20 സെക്കന്‍ഡുകള്‍ക്കിടെയാണ് തര്‍ക്കവും കൊലപാതകവും നടന്നത്‌

നടുറോഡില്‍ ഒരുത്തന്റെ ജീവനെടുത്തിട്ട് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ പോലീസ്. സിഗററ്റിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കത്തിനൊടുവിലാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് വലിയ കത്തി ഉപയോഗിച്ച് ഇരയുടെ കഴുത്തറുത്തത്. സിഗററ്റ് കൊടുത്തില്ലെന്ന പേരിലാണ് കൊലപാതകമെന്ന് പ്രദേശത്തെ ബിസിനസ്സ് സ്ഥാപന ഉടമ പറയുന്നു. 30-കളില്‍ പ്രായമുള്ള ഇര സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഞായറാഴ്ച രാവിലെ 3 മണിക്ക് ഈസ്റ്റ് ഡള്‍വിച്ചിലെ ലോര്‍ഡ്ഷിപ്പ് ലെയില്‍ വെച്ചാണ് കൊല അരങ്ങേറിയത്. 

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണെന്ന പതിവ് പല്ലവിയും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മൃതദേഹം പോലീസ് ബന്തവസ്സില്‍ ഫോറന്‍സിക് ടെന്റില്‍ കിടത്തിയിരുന്നു. മെയിന്‍ റോഡിന് സമീപമുള്ള ഓഫ് ലൈസന്‍സിന് മുന്നിലാണ് സംഭവം. സ്റ്റോറിന് ഉള്ളില്‍ വെച്ച് ആരംഭിച്ച തര്‍ക്കം അവിടെ ജോലി ചെയ്യുന്ന തന്റെ ബന്ധു നേരില്‍ കണ്ടതായി ഷോപ്പിലെ അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് ഖാന്‍ പറഞ്ഞു. പോലീസിന് മൊഴിയും നല്‍കി. കറുത്തവരായ 30-40 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് പേരാണ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. 

കേവലം 20 സെക്കന്‍ഡുകള്‍ക്കിടെയാണ് തര്‍ക്കവും കൊലപാതകവും നടന്നതെന്ന് ഖാന്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇത് പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് ഇഞ്ചെങ്കിലും നീളമുള്ള കത്തിയാണ് അക്രമത്തിന് ഉപയോഗിച്ചത്. സൗജന്യമായി സിഗററ്റ് ചോദിച്ചപ്പോള്‍ കൊടുത്തില്ലെന്നതിന്റെ പേരിലാണ് തര്‍ക്കം ആരംഭിച്ചത്. അക്രമി പൊടുന്നനെ കൈയിലുണ്ടായിരുന്ന വലിയ കത്തി കൈയിലെടുത്തു. ചുറ്റുമുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത നല്ല ആളുകള്‍ താമസിക്കുന്നതിനാല്‍ രാത്രി വൈകിയും, പുലര്‍ച്ചെയും ഷോപ്പ് തുറന്ന് വെയ്ക്കുന്ന സ്ഥലത്താണ് ഈ അക്രമം. ലണ്ടനില്‍ ചോരക്കളി തുടരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നതാണ്. അതില്‍ ഒടുവിലത്തേതാണ് സിഗററ്റിന്റെ പേരില്‍ ഒരാളുടെ ജീവന്‍ പോയ സംഭവം. 




കൂടുതല്‍വാര്‍ത്തകള്‍.