പണം എപ്പോഴും അളന്ന് ചെലവാക്കണം എന്ന് പറയാറുണ്ട്. കൈയില്‍ കാശുണ്ടെങ്കില്‍ ധൂര്‍ത്തടിച്ച് ജീവിക്കാമായിരുന്നു എന്ന് ചിന്തിക്കുന്നവരുടെ ലോകത്ത് കൈയില്‍ കോടികള്‍ വന്നു ചേര്‍ന്നാല്‍ അത് ചെലവഴിക്കാന്‍ വഴികള്‍ക്ക് യാതൊരു പഞ്ഞവുമില്ല. അങ്ങനെ ചെയ്യരുത് എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും മൈക്കിള്‍ കരോള്‍ കോടീശ്വരനായ ഭാഗ്യവാനില്‍ നിന്നും ഹതഭാഗ്യനായ വിറക് വില്‍പ്പനക്കാരനായി മാറിയിരുന്നു. 2002-ല്‍ 10 മില്ല്യണ്‍ പൗണ്ട് ലോട്ടോ വിജയിച്ച ഭാഗ്യവാനാണ് ഇപ്പോള്‍ ജീവിക്കാനായി മണിക്കൂറില്‍ 10 പൗണ്ട് നിരക്കില്‍ ജോലി ചെയ്യുന്നത്.
മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്നതിനിടെയാണ് കരോളിന് ലോട്ടറിയടിച്ചത്. ഇതോടെ ജോലി ഉപേക്ഷിച്ച് ജീവിതം അടിച്ചുപൊളിക്കാന്‍ ഇറങ്ങിയ ഇയാള്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചും, പന്തയങ്ങളിലൂടെയും ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞു. ആ കാലമൊക്കെ പഴയതെന്നും പാപ്പരായതോടെ വിറക് വെട്ടി കരിയാക്കി വില്‍പ്പന നടത്തിയാണ് ജീവിതമെന്നും കരോള്‍ വെളിപ്പെടുത്തി.
'50 കിലോ ബാഗുകളില്‍ കരി നിറയ്ക്കും, വിറക് വെട്ടി ഫില്ലിംഗ് സ്റ്റേഷനില്‍ വില്‍ക്കും. പത്ത് വര്‍ഷം കൊണ്ട് 10 മില്ല്യണ്‍ പൗണ്ട് അപ്രത്യക്ഷമായി. സ്വന്തമായി വീടോ, കാറോ ഇല്ലാതായി. പക്ഷെ ഇതില്‍ ദുഃഖമില്ല. എളുപ്പത്തില്‍ വന്നുചേരുന്നത്, എളുപ്പത്തില്‍ പോകും', കരോള്‍ പ്രതികരിക്കുന്നു. രാവിലെ 6 മണിക്ക് പണിക്ക് ഇറങ്ങിയാല്‍ 12 മണിക്കൂറെങ്കിലും മൊറായ് എല്‍ജിനിലെ ഫ്യുവല്‍ മെര്‍ച്ചന്റിന്റെ സ്ഥാപനത്തില്‍ കരോള്‍ ജോലി ചെയ്യും.
പണിയെടുത്ത് ജീവിക്കുന്നതില്‍ തിരിച്ചെത്തിയതോടെ സന്തോഷവും എത്തിയെന്ന് കരോള്‍ സമ്മതിക്കുന്നു. കഠിനാധ്വാനം തന്നെയാണ്, പക്ഷെ സന്തോഷമുണ്ട്. പാപ്പരായത് നന്നായെന്നാണ് തോന്നുന്നത്, ഇയാള്‍ വ്യക്തമാക്കി. 19-ാം വയസ്സിലാണ് നോര്ഫോക്കുകാരനായ കരോളിന് 9.7 മില്ല്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചത്. തന്റെ മെഴ്സിഡസില്‍ നിന്നും ആളുകള്‍ക്ക് നേരെ ബിഗ് മാക്കും, നഗ്ഗെറ്റ്സും എറിഞ്ഞ് കുപ്രശസ്തനായ ഇയാള്‍ ദിവസത്തില്‍ 10,000 പൗണ്ട് പൊടിച്ചിരുന്നതായി ഒരു പത്രസമ്മേളനത്തില്‍ അഹങ്കരിച്ചിരുന്നു.
4000 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. എന്നാല്‍ 2012 ആയതോടെ പണം മുഴുവന്‍ ഈ വിധം കാലിയായി. അടുത്തുള്ള പബ്ബുകളില്‍ പോലും കരോളിനെ കയറ്റാതെ വിലക്ക് ഏര്‍പ്പെടുത്തി. ഒടുവില്‍ സ്കോട്ട്ലണ്ടിലേക്ക് താമസം മാറിയാണ് കരോള്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നത്.