CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 18 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ 16 വയസ്സുകാരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി; കൗമാരക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; അക്രമത്തിന് 16-കാരന്‍ കസ്റ്റഡിയില്‍; സംഭവത്തെത്തുടര്‍ന്ന് ജോസഫ് ചേംബര്‍ലെയിന്‍ കോളേജ് അടച്ചിടും

ഹൈഗേറ്റിലെ ജോസഫ് ചേംബര്‍ലെയിന്‍ കോളേജിന് സമീപം വൈകുന്നേരം 4 മണിയോടെയാണ് 16-കാരന് നേരെ അക്രമം ഉണ്ടായത്

ബ്രിട്ടനില്‍ ചോരക്കളി ഒരു പുതുമ അല്ലാതായി മാറിയിരിക്കുന്നു. 2018 വര്‍ഷത്തെ കത്തി അക്രമങ്ങളും, തോക്ക് പ്രയോഗങ്ങളും ചോരപ്പുഴയില്‍ മുക്കിയപ്പോള്‍ പുതുവര്‍ഷത്തിലെങ്കിലും ഇതിനൊരു അറുതി വരുത്താന്‍ അധികൃതര്‍ക്ക് സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത് വെറും അസ്ഥാനത്താക്കി മാറ്റിക്കൊണ്ട് 2019-ലും അക്രമങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. ഒടുവിലായി ബര്‍മിംഗ്ഹാമിലെ ഞെട്ടിച്ച് കൊണ്ട് ഒരു കോളേജിന് പുറത്തുവെച്ചാണ് കൗമാരക്കാരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയത്. ഗുരുതരമായി പരുക്കേറ്റ ആണ്‍കുട്ടി ചികിത്സ നേടിവരികയാണ്. 

ഹൈഗേറ്റിലെ ജോസഫ് ചേംബര്‍ലെയിന്‍ കോളേജിന് സമീപം വൈകുന്നേരം 4 മണിയോടെയാണ് 16-കാരന് നേരെ അക്രമം ഉണ്ടായത്. സംഭവത്തില്‍ മറ്റ് രണ്ട് കൗമാരക്കാര്‍ക്കും പരുക്കേറ്റതായി പോലീസ് വ്യക്തമാക്കി. ഒരു 16 വയസ്സുകാരനെയാണ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതല്ലെന്ന് സിക്‌സ്ത്ത് ഫോം കോളേജ് പ്രഖ്യാപിച്ചു. കോളേജിന് സമീപം അക്രമം നടന്നതായി സ്ഥിരീകരിച്ച് കോളേജ് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. 

'കോളേജില്‍ അക്രമസംഭവം നടന്നതായി സ്ഥിരീകരിക്കുന്നു. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല. നാളെ കോളേജ് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹാഫ് ടേം ബ്രേക്ക് കഴിയുന്നത് വരെ തുറക്കില്ല. നേരത്തെ നിശ്ചയിച്ച പാരന്റ്, കെയറര്‍ പ്രോഗ്രസ് മീറ്റിംഗ് റദ്ദാക്കിയിട്ടുണ്ട്', കോളേജ് വാര്‍ത്താക്കുറിപ്പ് പറയുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസും വാര്‍ത്താക്കുറിപ്പ് ഇറക്കി. ബെല്‍ഗ്രേവ് റോഡിലുണ്ടായ അതിക്രമത്തില്‍ മൂന്ന് കൗമാരക്കാര്‍ക്കാണ് പരുക്കേറ്റതെന്ന് പോലീസ് വ്യക്തമാക്കി. ഒരു 16-കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഒരു 16-കാരനെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്, പോലീസ് കൂട്ടിച്ചേര്‍ത്തു. 

ഇയാളുടെ നെഞ്ചിലാണ് കുത്തേറ്റത്. 19 വയസ്സുള്ള ഇരയ്ക്ക് പുറത്തും, കൈകളിലും ചെറിയ മുറിവാണ് ഏറ്റത്. മറ്റൊരു 18-കാരന്റെ കൈയിലും മുറിവേറ്റു. സംഭവത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും, പോലീസ് സംഭവസ്ഥലത്ത് നിലയുറപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കോളേജിന് സമീപം ഇത്തരമൊരു അതിക്രമം ഉണ്ടായത് അധ്യാപകരെയും, മാതാപിതാക്കളെയും ഭയപ്പെടുത്തുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.