രാജ്യം ദുഃഖത്തിലാണ്. പുല്‍വാമയില്‍ നാല്‍പ്പതോളം സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഭീകരാക്രമണത്തില്‍ സന്തോഷം രേഖപ്പെടുത്തി ചിലര്‍ ഓണ്‍ലൈനില്‍ ഇടംപിടിച്ചത്. ഇത്തരത്തില്‍ ആഘോഷിച്ച അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ബാസിം ഹിലാലിന് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശത്രുത വളര്‍ത്തല്‍, ഇലക്ട്രോണിക് മീഡിയ വഴി പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഹിലാലിന് എതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ യൂണിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തു. ജെയ്ഷെ മുഹമ്മദ് ചാവേര്‍ സിആര്‍പിഎഫ് ബസിന് നേര്‍ക്ക് കാര്‍ ഓടിച്ച് കയറ്റിയാണ് സ്ഫോടനം നടത്തിയത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ഹിലാലിന്റെ ട്വീറ്റ്.
ലോകമെമ്പാടുമുള്ളവര്‍ ഭീകരാക്രമണത്തെ അപലപിക്കുന്നതിന് ഇടെയാണ് ഹിലാലിനെ പോലെ ചിലര്‍ സന്തോഷം രേഖപ്പെടുത്തി രംഗത്തിറങ്ങിയത്. 'എങ്ങിനെയുണ്ട് ജെയ്ഷ്? നന്നായിരിക്കുന്നു സര്' എന്നാണ് എഎംയുയില് കണക്ക് വിദ്യാര്‍ത്ഥിയായ ബാസിം ഹിലാല്‍ ട്വീറ്റ് ചെയ്തത്. ഉറി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലെ ഡയലോഗിനെ അനുകരിച്ചാണ് ഹിലാലിന്റെ ട്വീറ്റ്.
സംഭവത്തിന് പിന്നാലെ ഹിലാലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സോഷ്യല്‍ മീഡിയ വെബ്സൈറ്റ് സസ്പെന്‍ഡ് ചെയ്തു. ഇന്ത്യന്‍ ഗവണ്മെന്റ് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. പാക് മണ്ണില്‍ നിന്നുമാണ് ജെയ്ഷെ പ്രവര്‍ത്തിക്കുന്നത്.