കുല്ഭൂഷണ് ജാദവ് കേസിലെ തുടര്‍നടപടികള്‍ക്കായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യയുടെ രോഷം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാന്. ഐസിജെയിലെത്തിയ പാക് ഉദ്യോഗസ്ഥന്റെ ഹസ്തദാനമാണ് വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ദീപക് മിത്തല്‍ തള്ളിയത്. പാകിസ്ഥാന്റെ എജി അന്‍വര്‍ മന്‍സൂര്‍ ഖാനാണ് ഹസ്തദാനത്തിന് കൈനീട്ടി ഇളിഭ്യനായത്.
ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ വാദങ്ങള്‍ നിരത്താനാണ് പാക് എജി അന്‍വര്‍ മന്‍സൂര്‍ ഖാന് എത്തിയത്. ഇതിന് മുന്‍പാണ് സൗഹൃദപരമെന്നോണം അന്‍വര്‍ ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിക്ക് നേരെ കൈനീട്ടിയത്. എന്നാല്‍ ദീപക് മിത്തല്‍ ഇത് നിഷേധിച്ചു. പകരം നമസ്തേ നല്‍കിയാണ് ദീപക് മറുപടിയായി ആശംസ നല്‍കിയത്.
പാക് സൈനിക കോടതി ചാരപ്രവര്‍ത്തനവും, തീവ്രവാദ കുറ്റവും ചുമത്തി ഇന്ത്യക്കാരനായ കുല്ഭൂഷണ് ജാദവിന് എതിരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനെതിരെ 2017 മെയില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. 2016ല്‍ ഇറാനില്‍ നിന്നും ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കടന്നതോടെയാണ് സുരക്ഷാ സേന ജാദവിനെ പിടികൂടിയതെന്നാണ് പാക് അവകാശവാദം. പത്തംഗ ഐസിജെ ബെഞ്ച് വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു.
നേവിയില്‍ നിന്നും റിട്ടയര്‍ ചെയ്ത കുല്ഭൂഷണ് ജാദവ് ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഇറാനില്‍ എത്തിയപ്പോള്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യന്‍ വ്യക്തമാക്കുന്നത്. തെളിവുകള്‍ ഇല്ലാത്ത കഥയാണ് പാകിസ്ഥാന് അവതരിപ്പിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.