ഇന്ത്യന്‍അമേരിക്കന്‍ ദമ്പതികള്‍ യുഎസിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകവും, ആത്മഹത്യയുമെന്ന് ടെക്‌സാസ് പോലീസ്. ഷുഗര്‍ ലാന്‍ഡിലെ വീട്ടിലേക്ക് തിങ്കളാഴ്ച രാവിലെയാണ് പോലീസ് സംഭവത്തെത്തുടര്‍ന്ന് എത്തിയത്. 51കാരന്‍ ശ്രീനിവാസ് നകിറേകാന്തി, ഭാര്യ 46കാരി ശാന്തി നകിറേകാന്തി എന്നിവരുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്.
വീട്ടിലെ ഡ്രൈവ്‌വേയിലാണ് ശാന്തി തലയ്ക്ക് വെടിയേറ്റ് കിടന്നിരുന്നത്. ശ്രീനിവാസ് നെഞ്ചില്‍ വെടിയേറ്റ നിലയില്‍ വീട്ടിലെ ബാത്ത്‌റൂമിലും കിടന്നിരുന്നു. സമീപത്ത് നിന്നും ഒരു ചെറിയ കൈത്തോക്കും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ശ്രീനിവാസ് ശാന്തിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്നാണ് വിവരം.
ഇവരുടെ 16 വയസ്സുള്ള മകള്‍ ഈ സമയത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. പിതാവ് ബെഡ്‌റൂമില്‍ നിന്നും പുറത്തിറങ്ങുന്നില്ലെന്നാണ് മകള്‍ പോലീസിനെ അറിയിച്ചത്. മകളെ സുഹൃത്തുക്കളുടെ പരിചരണത്തിന് വിട്ടിരിക്കുകയാണ്. ഇവരുടെ 21കാരനായ മകന്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ്.
വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി സുഹൃത്തുക്കള്‍ക്ക് യാതൊരു അറിവുമില്ല. ശ്രീനിവാസ് ഹൂസ്റ്റണില്‍ ഒരു എനര്‍ജി കമ്പനി ഡയറക്ടറാണ്. ശാന്തി കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായിരുന്നു. പോലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ എന്താണ് യഥാര്‍ത്ഥ കാരണമെന്ന് അറിയാന്‍ കഴിയൂവെന്ന് അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കി.