ടിക്ക് ടോക്ക് വീഡിയോയ്ക്ക് പിന്നാലെയാണ് യുവത്വം. ഇപ്പോഴിതാ ടിക്ക് ടോക്കിന്റെ ഭാഗമായി കോഴിക്കോട് കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ പത്ത് വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം. പാലത്തിന്റെ കൈവരികളില്‍ കയറി നിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടിയത്. വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷയ്ക്കെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തന ദൃശ്യം ഉള്‍പ്പെടുന്ന വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനു മുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്. നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും ചില യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു പത്ത് വിദ്യാര്‍ത്ഥികള്‍ സാഹസികമായി ചാടിയത് . വന്‍ ദുരന്തമാണ് ഭാഗ്യവശാല്‍ ഒഴിവായത്.