പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്ഥാനുമായി മത്സരിക്കണോയെന്ന കാര്യത്തില്‍ ഇന്ത്യയില്‍ ചര്‍ച്ചകള്‍ പുകയുന്നതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ബിസിസിഐ കത്തയയ്ക്കുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനും, തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാനുമാണ് ബിസിസിഐ ആവശ്യപ്പെടുക.
സര്‍ക്കാരുമായി വിഷയത്തില്‍ ചര്‍ച്ച തുടരുകയാണെന്ന് അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി മേധാവി വിനോദ് റായി വ്യക്തമാക്കി. ജൂണ്‍ 16ലെ മത്സരത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല. ആശങ്കകള്‍ ഐസിസിയെ അറിയിക്കും. ടൂര്‍ണമെന്റിനിടെ താരങ്ങള്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെടും. തീവ്രവാദം പുറപ്പെടുന്ന രാജ്യവുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടും, റായി വിശദീകരിച്ചു.
ലോകകപ്പില്‍ ജൂണ്‍ 16ന് ഇന്ത്യക്ക് നേരിടേണ്ടത് പാകിസ്ഥാനെയാണ്. എന്നാല്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ക്കാരുമായുള്ള എല്ലാ സ്പോര്‍ട്സ് സഹകരണവും അവസാനിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ആരാധകര്‍ക്ക് പുറമെ സൗരവ് ഗാംഗുലി ഉള്‍പ്പെടെ പല മുന്‍ താരങ്ങളും ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.
എന്നാല്‍ വിരാട് കോലിയുടെ ഇന്ത്യന്‍ ടീം പാകിസ്ഥാനെ മത്സരിച്ച് തോല്‍പ്പിച്ച് സൈനികര്‍ക്കുള്ള ആദരവ് അര്‍പ്പിക്കണമെന്നാണ് സുനില്‍ ഗവാസ്കറിനെ പോലുള്ള ചിലര്‍ ആവശ്യപ്പെടുന്നത്.