Breaking Now

എന്‍എച്ച്എസ് സേവനങ്ങളില്‍ അസംതൃപ്തി ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; തെരേസ മേയുടെ 20.5 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ടും ജനങ്ങളെ സന്തോഷിപ്പിച്ചില്ല; സര്‍വ്വെയില്‍ സന്തോഷിക്കാനും കാര്യമുണ്ട്

ഹോസ്പിറ്റല്‍ ഔട്ട്‌പേഷ്യന്റ് സര്‍വ്വീസില്‍ 70% പേര്‍ സംതൃപ്തരാണ്

എന്‍എച്ച്എസ് സേവനങ്ങളില്‍ പൊതുജനങ്ങളുടെ സംതൃപ്തി നിലവാരം ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. എന്‍എച്ച്എസിന്റെ 70-ാം പിറന്നാളിന്റെ ഭാഗമായി പ്രധാനമന്ത്രി തെരേസ മേയ് 20.5 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ടിംഗ് നല്‍കുമെന്ന പ്രഖ്യാപനങ്ങള്‍ക്കും ജനങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. എന്‍എച്ച്എസ് ഏത് വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യത്തില്‍ സര്‍വ്വെയില്‍ പങ്കെടുത്ത 53% പേര്‍ മാത്രമാണ് സന്തോഷം രേഖപ്പെടുത്തിയത്. 

2007-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ശതമാനമാണിത്. 2016-ലേതുമായി താരതമ്യം ചെയ്താല്‍ 16 ശതമാനം പോയിന്റുകള്‍ കുറവാണിത്. സഖ്യസര്‍ക്കാര്‍ മുണ്ടുമുറുക്കി ഉടുക്കാന്‍ ആവശ്യപ്പെട്ട് ഫണ്ടിംഗ് വെട്ടിക്കുറച്ചത് ആ വര്‍ഷമാണ്. ജിപി സേവനങ്ങളിലെ സംതൃപ്തിയും ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ്. ബ്രിട്ടനിലെ 63% പേരാണ് ജിപിമാരില്‍ തൃപ്തി രേഖപ്പെടുത്തിയത്. 24% പേര്‍ അസംതൃപ്തരാണെന്നും വ്യക്തമാക്കി. 

ജിപിയെ കാണാനും, ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കും ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നുവെന്നതാണ് പ്രധാനമായും നിരാശയ്ക്ക് കാരണം. എന്‍എച്ച്എസില്‍ ജീവനക്കാര്‍ തീരെ കുറവാണെന്നും, ആവശ്യത്തിന് പണമില്ലെന്നും വിശ്വസിക്കുന്നവര്‍ ബ്രിട്ടന്റെ പകുതിയോളം വരും. നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസേര്‍ച്ച് നടത്തിയ ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വ്വെയിലാണ് രാജ്യത്തെ ആരോഗ്യ സേവനരംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജനം രേഖപ്പെടുത്തിയത്. 

എന്‍എച്ച്എസ് സേവനങ്ങളില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ഏറെ പണിയെടുക്കണമെന്നാണ് ഈ ഫലങ്ങള്‍ വെളിവാക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സര്‍വ്വെയില്‍ സന്തോഷിപ്പിക്കുന്ന വാര്‍ത്തയുമുണ്ട്. ഹോസ്പിറ്റല്‍ ഔട്ട്‌പേഷ്യന്റ് സര്‍വ്വീസില്‍ 70% പേര്‍ സംതൃപ്തരാണ്. ഇത് റെക്കോര്‍ഡാണ്. ഇന്‍പേഷ്യന്റ് കെയറില്‍ 63% സന്തോഷം രേഖപ്പെടുത്തി.  




കൂടുതല്‍വാര്‍ത്തകള്‍.