Breaking Now

'എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തിട്ടുണ്ട്'; ലണ്ടന്‍ ചോരക്കളിയില്‍ മുങ്ങുമ്പോള്‍ മേയര്‍ സാദിഖ് ഖാന്റെ പ്രതികരണം വിവാദമാകുന്നു; 16 ദിവസത്തിനിടെ 14 കത്തിക്കുത്തുകള്‍ നടന്നിട്ടും തടയാന്‍ കഴിയാതെ രാഷ്ട്രീയക്കാര്‍

കേന്ദ്ര ഗവണ്‍മെന്റ് ഫണ്ടിംഗ് വെട്ടിക്കുറച്ചത് തന്റെ കൈകള്‍ കൂട്ടിക്കെട്ടിയെന്നാണ് ഖാന്റെ വാദം

'ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തിട്ടുണ്ട്', ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ വാക്കുകളാണിത്. തലസ്ഥാന നഗരത്തില്‍ തടസ്സങ്ങളില്ലാതെ കത്തിക്കുത്തുകള്‍ അരങ്ങേറുകയും സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ വരെ അതിക്രമങ്ങള്‍ അരങ്ങേറുകയും, ജീവനെടുക്കുകയും ചെയ്യുന്ന അവസരത്തിലാണ് സാദിഖ് ഖാന്റെ ഞെട്ടിക്കുന്ന കൈകഴുകല്‍. ലണ്ടനിലെ കത്തി അക്രമണങ്ങള്‍ തടയാന്‍ സാധിക്കാത്ത അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇതൊക്കെ ചെയ്യാനേ പറ്റൂ എന്ന തരത്തില്‍ മേയര്‍ മറുപടി നല്‍കുകയും, കണ്ണുരുട്ടുകയും ചെയ്തത്. 

നാല് വര്‍ഷം മുന്‍പ് അധികാരം ഏറ്റെടുക്കുമ്പോള്‍ പോലീസിന്റെ തടഞ്ഞുനിര്‍ത്തി പരിശോധന വെട്ടിക്കുറയ്ക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് സാദിഖ് ഖാന്‍. ഈ രീതി അമിതമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ പോലീസില്‍ പൊതുജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം നഷ്ടമായെന്നായിരുന്നു 2015-ല്‍ ഖാന്റെ വാക്കുകള്‍. എന്നാല്‍ മേയര്‍ പദവിയിലെത്തിയതോടെ ഈ അവസ്ഥ ജനങ്ങളെ ഭയാശങ്കകളിലേക്കാണ് തള്ളിവിട്ടത്. എപ്പോള്‍ വേണമെങ്കിലും ആരുടെയും ജീവന്‍ തെരുവില്‍ ഒരു കത്തിയുടെ തുമ്പില്‍ നഷ്ടമായേക്കാമെന്നതാണ് അവസ്ഥ. ലോകത്തിലെ കത്തിക്കുത്ത് തലസ്ഥാനമെന്ന കുപ്രശസ്തിയും ലണ്ടന്‍ നേടിക്കഴിഞ്ഞു. 

എന്നാല്‍ നിയമത്തിന് കീഴില്‍ നിന്നും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്‌തെന്നാണ് സാദിഖ് ഖാന്റെ പ്രതികരണം. മൂന്ന് വര്‍ഷം തുടര്‍ച്ചയായി കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ചും, ബിസിനസ്സ് റേറ്റില്‍ നിന്നുമുള്ള പണവും പോലീസിംഗിനും, യൂത്ത് സര്‍വ്വീസുകള്‍ക്കും നല്‍കിയെന്നാണ് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ മേയര്‍ വ്യക്തമാക്കിയത്. കേന്ദ്ര ഗവണ്‍മെന്റ് ഫണ്ടിംഗ് വെട്ടിക്കുറച്ചത് തന്റെ കൈകള്‍ കൂട്ടിക്കെട്ടിയെന്നാണ് ഖാന്റെ വാദം. സര്‍ക്കാര്‍ വരുത്തിവെച്ച വലിയ വിടവ് നികത്താന്‍ പുതിയ നിക്ഷേപം കൊണ്ട് സാധിക്കില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്വം കേന്ദ്രത്തിന്റെ തലയില്‍ ഇടുന്നത് എന്ത് കൊണ്ടെന്ന ചോദ്യം ഖാന് ഇഷ്ടമായതുമില്ല. 

വയലന്റ് ടാക്‌സ് ഫോഴ്‌സിന് സിറ്റി ഹാളാണ് പണം നല്‍കുന്നത്. 300 ഓഫീസര്‍മാര്‍ കത്തി അക്രമണങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എട്ട് മാസത്തിനിടെ 3000 അറസ്റ്റും, 1000 കത്തികളും, മറ്റ് ആയുധങ്ങളും പിടിച്ചെടുത്തെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഈസ്റ്റ് ലണ്ടനിലെ ലെയ്റ്റണില്‍ ഈ വര്‍ഷത്തെ 21-ാമത്തെ കൊലപാതകം നടന്ന ശേഷമായിരുന്നു അഭിമുഖം. 




കൂടുതല്‍വാര്‍ത്തകള്‍.