Breaking Now

യുക്മ തെരഞ്ഞെടുപ്പ് മാര്‍ച്ച് 9 ശനിയാഴ്ച ബര്‍മിങ്ഹാമില്‍ ; മത്സരം കനത്തത്

റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലും മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലും പാനലുകള്‍ മത്സരിക്കുന്നു.

യുക്മ ഭരണ നേതൃത്വം ആരേറ്റെടുക്കും. വിജയികള്‍ ആരെന്ന ആകാംക്ഷയിലാണ് ഏവരും. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ്. രണ്ടു വര്‍ഷം മിതച്ച നേതൃത്വമായിരുന്നു യുക്മയുടേത്. കേരളത്തെ ബാധിച്ച വെള്ളപ്പൊക്കം ഉള്‍പ്പെടെ പ്രശ്‌നങ്ങളില്‍ യുക്മ സജീവമായി ഇടപെടുകയും സഹായിക്കുകയും ചെയ്തു. നിലവിലെ പാനല്‍ ജനകീയമായതും ഇവരുടെ സേവന മനോഭാവം കൊണ്ട് തന്നെ. ഏതായാലും ഇക്കുറി രണ്ടു പാനലുകളായി ഇറങ്ങി തിരഞ്ഞെടുപ്പിനെ നേരിടുകയാണ് യുക്മ. 

ബര്‍മിംഗ്ഹാം സെന്റ് എഡ്മണ്ട് കാംപിയന്‍ കാത്തലിക് സ്‌കൂളില്‍ രാവിലെ പത്തുമണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്‍വാഹകസമിതി യോഗം പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേരും. ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുക്മ പ്രതിനിധികള്‍ ബര്‍മിംഗ്ഹാമിലേക്ക്  എത്തിത്തുടങ്ങും. 

കൃത്യം ഒരുമണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നാല് മണിക്ക് മുന്‍പായി വാര്‍ഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ  തെരഞ്ഞെടുപ്പ് നടക്കും. 

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയില്‍ 2019 ലെ ദേശീയ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ എട്ട് മേഖലകളില്‍നിന്നായി മുന്നൂറോളം പ്രതിനിധികള്‍ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കാന്‍ ശനിയാഴ്ച എത്തിച്ചേരും . 

റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലും മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലും പാനലുകള്‍ മത്സരിക്കുന്നു.

യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശം നല്‍കുന്ന പാനലാണ് ഒന്ന്. നാഷണല്‍ ജോയിന്റ് സെക്രട്ടറിയും, കലാമേള കോര്‍ഡിനേറ്ററും ആയ ഓസ്റ്റിന്‍ അഗസ്റ്റിന്‍ ആണ് നാഷണല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്‍കുന്നത്. ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുമുള്ള യുക്മ പ്രതിനിധി ആയ അദ്ദേഹം ഈസ്റ്റ് ആംഗ്ലിയ റീജിയനെ ആണ് പ്രതിനിധീകരിക്കുന്നത്.

മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നുമുള്ള മുന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള യുക്മ പ്രതിനിധിയുമായ അനീഷ് ജോണ്‍ ആണ് നാഷണല്‍ ട്രെഷറര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം നല്‍കുന്നത്.സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നുള്ള ഗ്ലോസ്റ്റെര്‍ മലയാളി അസോസിയേഷന്റെ പ്രതിനിധി ലോറെന്‍സ് പെല്ലിശ്ശേരി ആണ് നാഷണല്‍ വൈസ് പ്രസിഡന്റ് ആയി നാമനിര്‍ദ്ദേശം നല്‍കുന്നത്.യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണില്‍ ഐക്കോ ഹള്ളില്‍ നിന്നുമുള്ള ഡോക്ടര്‍ ശീതള്‍ ജോര്‍ജ് ആണ് നാഷണല്‍ വൈസ് പ്രസിഡന്റ് വനിതാ സ്ഥാനാര്‍ത്ഥി.

യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണനെ ഇക്കഴിഞ്ഞ നാഷണല്‍ കലാമേളയില്‍ നാഷണല്‍ ചാമ്പ്യന്മാരാക്കിയ റീജിയണല്‍ പ്രസിഡന്റ് കിരണ്‍ സോളമന്‍ ആണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമ നിര്‍ദ്ദേശം നല്‍കുന്നത്. ഇദ്ദേഹം എസ് കെ സി എ ഷെഫീല്‍ഡ് അസോസിയേഷനില്‍ നിന്നുമുള്ള പ്രതിനിധിയാണ്.

സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നുള്ള ഗ്ലോസ്റ്റെര്‍ മലയാളി അസോസിയേഷന്റെ പ്രതിനിധി രശ്മി മനോജ് ആണ് നാഷണല്‍ ജോയിന്റ് സെക്രട്ടറി വനിതാ സ്ഥാനാര്‍ഥി.സൗത്ത് ഈസ്റ്റ് റീജിയണല്‍ മുന്‍ സെക്രട്ടറിയും സഹൃദയ കെന്റില്‍ നിന്നുമുള്ള അജിത്ത് വെണ്മണി ആണ് ജോയിന്റ് ട്രെഷറര്‍ സ്ഥാനത്തേക്ക് നാമ നിര്‍ദ്ദേശം നല്‍കുന്നത്.

 

രണ്ടാമത്തെ പാനല്‍ മനോജ് പിള്ളയുടെ നേതൃത്വത്തിലാണ്.പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സൗത്ത് ഈസ്റ്റ് റീജിയണിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള പ്രതിനിധിയായി മനോജ് പിള്ള മത്സരിക്കും. യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സംയുക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ആദ്യ കമ്മറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഈ സംഘടനയില്‍ സജീവമായി തുടരുന്നതിന് അവസരം ലഭിക്കുകയും ഇതിനിടയില്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ്, കഴിഞ്ഞ ഭരണസമിതിയില്‍ യുക്മ സാംസ്‌ക്കാരിക വേദി ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളിലും മനോജ് പിള്ള പ്രവര്‍ത്തിച്ചിട്ടുണ്ട്. വരുന്ന ഭരണസമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുവാനായി ഈ പാനലില്‍ ഉള്‍പ്പെട്ട മറ്റ് അംഗങ്ങള്‍ ഇവരാണ്.

ജനറല്‍ സെക്രട്ടറി: അലക്‌സ് വര്‍ഗ്ഗീസ് (മാഞ്ചസ്റ്റര്‍ എം.എം.സി.എ, നോര്‍ത്ത് വെസ്റ്റ്))

ട്രഷറര്‍: ജയകുമാര്‍ നായര്‍ (വെന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ , മിഡ്‌ലാന്റ്‌സ്)

വൈസ് പ്രസിഡന്റ്: എബി സെബാസ്റ്റ്യന്‍ (ഡാര്‍ട്ട് ഫോര്‍ഡ് മലയാളി അസോസിയേഷന്‍, സൗത്ത് ഈസ്റ്റ്)

വൈസ് പ്രസിഡന്റ് (വനിത): ലിറ്റി ജിജോ (ബി.സി.എം.സി ബര്‍മ്മിങ്ഹാം, മിഡ്‌ലാന്റ്‌സ്)

ജോയിന്റ് സെക്രട്ടറി: സാജന്‍ സത്യന്‍ (വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്‍,വെയ്ക്ക്ഫീല്‍ഡ് , യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍)

ജോയിന്റ് സെക്രട്ടറി (വനിത): സെലീന സജീവ് (എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍, ഈസ്റ്റ് ആംഗ്ലിയ)

ജോയിന്റ് ട്രഷറര്‍: ടിറ്റോ തോമസ് (ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം, സൗത്ത് വെസ്റ്റ്)

 




കൂടുതല്‍വാര്‍ത്തകള്‍.