Breaking Now

അടുത്ത മാസം മുതല്‍ പാര്‍ക്കിംഗ് ഫീസ് നിങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കും; നിരക്ക് വര്‍ദ്ധന 230% വരെ; ഞായറാഴ്ച ഷോപ്പിംഗിനും, പള്ളിയില്‍ പോകാനും ഇറങ്ങുന്നവരെ പിഴിയാന്‍ ഇളവുകള്‍ അവസാനിപ്പിക്കും; നിരക്ക് വര്‍ദ്ധന കുത്തനെ കൂട്ടുന്നത് ഈ ഇടങ്ങളില്‍

കൗണ്‍സിലുകള്‍ പിഴിയാന്‍ ഇറങ്ങുന്നുണ്ട്, ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുക എന്നാണ് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പ്രതികരിച്ചത്

പാര്‍ക്കിംഗ് ഫീസ് ടൗണ്‍ ഹാളുകളുടെ കാമധേനുവാണ്. ആവശ്യം പോലെ പണം ഈടാക്കാനും ഖജനാവ് നിറയ്ക്കാനുമുള്ള വഴി. എന്നാല്‍ ഇതുവരെ കണ്ടതൊന്നും ഒരു പിരിവ് അല്ലെന്ന മട്ടിലാണ് ടൗണ്‍ ഹാളുകളുടെ അടുത്ത നടപടി. അടുത്ത മാസം മുതല്‍ പാര്‍ക്കിംഗ് ഫീസ് കുത്തനെ ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് അവര്‍. ഇതുവഴി അടുത്ത വര്‍ഷം 1 ബില്ല്യണ്‍ പൗണ്ടെന്ന റെക്കോര്‍ഡ് തുക കൈക്കലാക്കാനാണ് ടൗണ്‍ ഹാളുകളുടെ നീക്കം. അടുത്ത മാസം മുതല്‍ പാര്‍ക്കിംഗ് ഫീസുകളില്‍ 230 ശതമാനം വരെ വര്‍ദ്ധനവാണ് മോട്ടോറിസ്റ്റുകളെ കാത്തിരിക്കുന്നതെന്ന് ഓഡിറ്റ് വ്യക്തമാക്കുന്നു. 

ടൗണ്‍ കാര്‍ പാര്‍ക്കുകള്‍ നിരക്ക് കൂട്ടുന്നതിന് പുറമെ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റുകള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് പല കൗണ്‍സിലുകളും ഒരുങ്ങുന്നത്. ഞായറാഴ്ച സമാധാനമായി ഷോപ്പിംഗിനും, പള്ളിയില്‍ പോകാനും ഇറങ്ങുന്നവരുടെ സമാധാനം കെടുത്താനും അധികൃതര്‍ തയ്യാറാകും. ഞായറാഴ്ച ലഭ്യമായ ഇളവുകളുള്ള പാര്‍ക്കിംഗ് ഫീസാണ് പല പ്രദേശങ്ങളിലും അപ്രത്യക്ഷമാകുക. ഹാംപ്ഷയര്‍, നോട്ടിംഗ്ഹാം, റീഡിംഗ്, കേംബ്രിഡ്ജ്, ബ്രൈറ്റണ്‍, എക്‌സെറ്റര്‍ എന്നീ ടൗണ്‍ ഹാളുകള്‍ വമ്പന്‍ നിരക്കു വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. വൈറ്റ്ഹാള്‍ ബജറ്റ് വെട്ടിക്കുറച്ചതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെ തരമില്ലെന്നാണ് കൗണ്‍സിലര്‍മാര്‍ അവകാശപ്പെടുന്നത്. 

തിരക്ക് നിയന്ത്രിക്കാനും, വായുമലിനീകരണം കുറയ്ക്കാനും പാര്‍ക്കിംഗ് ഫീ വര്‍ദ്ധിപ്പിക്കുന്നത് തന്നെയാണ് വഴിയെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഒരു ദശകത്തിന് ഇടെയുള്ള ഏറ്റവും വലിയ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവ് നേരിടുന്ന കുടുംബങ്ങള്‍ക്ക് മറ്റൊരു തിരിച്ചടിയാകുകയാണ് പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധന. കൗണ്‍സില്‍ ടാക്‌സില്‍ ബാന്‍ഡ് ബി, ഡി നിരക്കുകളില്‍ 76 പൗണ്ട് വര്‍ദ്ധനവാണ് അടിത്ത മാസം മുതല്‍ നടപ്പാകുക. പാര്‍ക്കിംഗ് ഫീസ് വഴി റെക്കോര്‍ഡ് തുകയായ 885 മില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനാണ് കൗണ്‍സിലുകള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ 2019-2020 കാലത്ത് 1 ബില്ല്യണ്‍ പൗണ്ടില്‍ തൊടുമെന്നാണ് ആര്‍എസി ഫൗണ്ടേഷന്‍ പ്രവചിക്കുന്നത്. 

കൗണ്‍സിലുകള്‍ പിഴിയാന്‍ ഇറങ്ങുന്നുണ്ട്, ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുക എന്നാണ് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പ്രതികരിച്ചത്. ബജറ്റ് വെട്ടിക്കുറച്ചതിന് ഡ്രൈവര്‍മാരുടെ പോക്കറ്റില്‍ കൈയിട്ട് വാരിയത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുമോയെന്നതാണ് ചോദ്യമെന്ന് ആര്‍എസി വക്താവ് സ്റ്റീവ് ഗുഡിംഗ് ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.