Breaking Now

വെഹിക്കിള്‍ ടാക്‌സ് റീഫണ്ട് നല്‍കാമെന്ന മോഹനവാഗ്ദാനവുമായി ഡിവിഎല്‍എ സന്ദേശം ലഭിച്ചാല്‍ സൂക്ഷിക്കുക; ബ്രിട്ടീഷ് ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ ക്രിമിനലുകള്‍; ലിങ്കില്‍ ക്ലിക് ചെയ്താല്‍ അക്കൗണ്ട് ചോരും; മുന്നറിയിപ്പുമായി മോട്ടോറിംഗ് അധികൃതര്‍

ഇത്തരം ലിങ്കുകളില്‍ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് ഡിവിഎല്‍എ വ്യക്തമാക്കി.

'വെഹിക്കിള്‍ ടാക്‌സ് തിരികെ കിട്ടാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്', ഡിവിഎല്‍എയില്‍ നിന്നും ഇത്തരമൊരു സന്ദേശം ലഭിച്ചാല്‍ ഏത് ഡ്രൈവര്‍ക്കും സന്തോഷമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകളും ഉള്‍പ്പെടുത്തി കാണുമ്പോള്‍ വിശ്വാസ്യത വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ തങ്ങള്‍ ഇത്തരമൊരു ടാക്‌സ് റീഫണ്ട് നല്‍കുന്നില്ലെന്ന് അറിയിച്ച ഡിവിഎല്‍എ സംഗതി ഓണ്‍ലൈന്‍ തട്ടിപ്പുക്കാരുടെ കള്ളക്കളിയാണെന്നും മുന്നറിയിപ്പ് നല്‍കുകയാണ്. ഡിവിഎല്‍എയില്‍ നിന്നെന്ന വ്യാജനേ ബ്രിട്ടീഷ് ഡ്രൈവര്‍മാരെ ലക്ഷ്യമിട്ടാണ് ഇവരുടെ വ്യാജ സന്ദേശങ്ങള്‍ എത്തുന്നത്. 

വെഹിക്കിള്‍ ടാക്‌സ് റീഫണ്ട് ലഭിക്കാന്‍ വ്യക്തിഗത വിവരങ്ങള്‍ കൈമാറാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. തട്ടിപ്പ് വ്യാപകമായതോടെയാണ് മോട്ടോറിംഗ് അധികൃതര്‍ ഇതില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തങ്ങള്‍ക്ക് ടാക്‌സ് റീഫണ്ട് ലഭിക്കുമെന്ന് കാണിച്ച് ലഭിച്ച സന്ദേശങ്ങളുമായി ജനങ്ങള്‍ ഡിവിഎല്‍എയെ സമീപിച്ചതോടെയാണ് സത്യം വെളിപ്പെടുത്തി അധികൃതര്‍ രംഗത്തുവന്നത്. വ്യാജ സന്ദേശങ്ങളിലെ സര്‍ക്കാര്‍ ലിങ്കുകള്‍ പോലെ തോന്നിക്കുന്ന പേജിലുള്ള ഫോമില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്. ഈ വിവരങ്ങള്‍ നല്‍കി ബാങ്കില്‍ റീഫണ്ട് കാത്തിരിക്കുന്നവരുടെ അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാര്‍ പണം അടിച്ചുമാറ്റും. 

ഇത്തരം ലിങ്കുകളില്‍ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് ഡിവിഎല്‍എ വ്യക്തമാക്കി. GOV.UKയില്‍ മാത്രമാണ് തങ്ങളുടെ സേവനങ്ങളും വിവരങ്ങളും ലഭിക്കുകയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സൈബര്‍ തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് യാതൊരു ഇമെയിലും, മെസേജും ഞങ്ങള്‍ അയയ്ക്കില്ല. ഇത്തരത്തില്‍ എന്തെങ്കിലും ലഭിച്ചാല്‍ ഈ ലിങ്കുകള്‍ തുറക്കരുത്. ഇൗ ഇമെയിലും, മെസേജും ഉടന്‍ ഡിലീറ്റ് ചെയ്യണം, ഡിവിഎല്‍എ മുന്നറിയിപ്പില്‍ പറയുന്നു. 

യുകെ മലയാളി നഴ്‌സ് ദമ്പതികളെ തേടി ബോര്‍ഡര്‍ സെക്യൂരിറ്റിയില്‍ നിന്നെന്ന തരത്തില്‍ വ്യാജ ഫോണ്‍ സന്ദേശം ലഭിച്ച സംഭവം കഴിഞ്ഞ ദിവസം യൂറോപ്പ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളിയായ നഴ്‌സ് ദേവലാലിനെ അറസ്റ്റ് ചെയ്‌തെന്ന് അറിയിച്ച് ഭാര്യയെ ഫോണില്‍ വിളിച്ചായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. ജാഗ്രതയോടെയുള്ള പ്രതികരണം അവരെ തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. ഇത്തരം ഫോണ്‍ സന്ദേശങ്ങളും, ഇമെയിലും ലഭിച്ചാല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.