Breaking Now

ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സിന് നല്‍കിയ പരിചരണത്തില്‍ ഗുരുതര പിഴവുകള്‍; 15 വര്‍ഷം പരിചരിച്ച നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു; രഹസ്യ വിചാരണ നടത്തി എന്‍എംസി വിവാദത്തില്‍; നഴ്‌സിന്റെ അന്തിമവിധി ഈ മാസം അറിയാം

ഹോക്കിംഗ് 76-ാ വയസ്സില്‍ മരണത്തിന് കീഴടങ്ങുന്നതിന് രണ്ട് വര്‍ഷം മുന്‍പ് വരെ സഫോക്ക് ഇപ്‌സ്വിച്ചില്‍ നിന്നുമുള്ള ഈ നഴ്‌സായിരുന്നു ഒപ്പം ജോലി ചെയ്തത്

ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സിനൊപ്പം 15 വര്‍ഷക്കാലം പ്രവര്‍ത്തിച്ച നഴ്‌സിനെ രഹസ്യ ട്രിബ്യൂണല്‍ ചേര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹോക്കിംഗ്‌സിന് നല്‍കിയ പരിചരണത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതോടെയാണ് നടപടി. ശാസ്ത്രജ്ഞന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന സുദീര്‍ഘമായ അന്വേഷണത്തിനൊടുവിലാണ് 61-കാരി പട്രീഷ്യ ഡൗഡിയ്‌ക്കെതിരെ നടപടി വരുന്നത്. എന്നാല്‍ കേസിന്റെ വിശദവിവരങ്ങളും, ഡൗഡിക്ക് എതിരെ സ്വീകരിച്ച നടപടികളും പുറത്തുവിടാന്‍ നഴ്‌സിംഗ് ബോഡി തയ്യാറായില്ല. 

ഹിയറിംഗില്‍ നിന്നും പൊതുജനങ്ങളെയും, മാധ്യമങ്ങളെയും വിലക്കിയിരുന്നതിനാല്‍ വിശദവിവരങ്ങള്‍ അറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ നഴ്‌സിന് എതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളതെന്നാണ് സൂചനകള്‍. ഇതുകൊണ്ട് തന്നെയാണ് വിവരങ്ങള്‍ മറച്ചുവെയ്ക്കാന്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ തീരുമാനിച്ചതെന്നാണ് അവകാശവാദങ്ങള്‍. നഴ്‌സിന്റെ അന്തിമവിധി തീരുമാനിക്കാനുള്ള ഹിയറിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇത് അടച്ചിട്ട വാതിലുകള്‍ക്ക് അപ്പുറത്ത് രഹസ്യമായാണ് നടത്തുന്നത്. നഴ്‌സിന് എതിരെ ചുമത്തുന്ന കുറ്റങ്ങള്‍ ഒരിക്കലും പുറംലോകം അറിയാനും ഇടയില്ല. 

മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ഹോക്കിംഗ്  76-ാ വയസ്സില്‍ മരണത്തിന് കീഴടങ്ങുന്നതിന് രണ്ട് വര്‍ഷം മുന്‍പ് വരെ സഫോക്ക് ഇപ്‌സ്വിച്ചില്‍ നിന്നുമുള്ള ഈ നഴ്‌സായിരുന്നു ഒപ്പം ജോലി ചെയ്തത്. ഈ മാസം അവസാനം വിചാരണ തീരുമെന്ന് മാത്രമാണ് എന്‍എംസി പ്രതികരണം. ഡൗഡിയുടെ ആരോഗ്യം പരിഗണിച്ചാണ് രഹസ്യമായി വിചാരണ നടത്താനുള്ള ഓര്‍ഡര്‍ നല്‍കിയത്. ഇപ്പോള്‍ വിവരങ്ങളൊന്നും പറയാന്‍ കഴിയില്ലെന്ന് ഡൗഡിയും പ്രതികരിച്ചു. 2004-ല്‍ ഹോക്കിംഗിന് വേണ്ടി ജോലി ചെയ്തിരുന്ന പത്ത് നഴ്‌സുമാര്‍ ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യ എലെയിന്‍ മേസണെതിരെ പരാതി ഉന്നയിച്ചിരുന്നു. ശാസ്ത്രജ്ഞനെ ഇവര്‍ ചൂഷണം ചെയ്യുന്നുവെന്ന പരാതിയില്‍ ഡൗഡിയും അംഗമായിരുന്നോ എന്ന് വ്യക്തമല്ല. 

അതേസമയം വിചാരണ രഹസ്യമായി നടത്താനുള്ള എന്‍എംസി തീരുമാനത്തിന് എതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ കൂടുതല്‍ വിചാരണകള്‍ ഈ രീതിയില്‍ നടത്തില്ലെന്നാണ് എന്‍എംസി പ്രതികരണം. 




കൂടുതല്‍വാര്‍ത്തകള്‍.