Breaking Now

പകരംവീട്ടി ഗാരെത്ത് കൊടുങ്കാറ്റ്; ബ്രിട്ടനില്‍ ആഞ്ഞുവീശുന്നത് 65 എംപിഎച്ച് കാറ്റ്; മേല്‍ക്കൂരകള്‍ പറക്കുന്നു, മരങ്ങള്‍ കടപുഴകി വീഴും, റോഡുകള്‍ അടച്ചിടും; വരുന്നത് മഞ്ഞും, ഐസുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്

ലെസ്റ്ററില്‍ എം1-ല്‍ ജംഗ്ഷന്‍ 22, 23ന് ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞ് മൂലം സുരക്ഷിതമല്ലെന്നും അധികൃതര്‍

മേല്‍ക്കൂരകള്‍ തകര്‍ത്ത് മണിക്കൂറില്‍ 65 മൈല്‍ വേഗതയില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റ് വീശിയെത്തിയതോടെ ജനങ്ങള്‍ ആശങ്കയില്‍. ഗ്രെന്‍ഫെല്‍ ടവര്‍ സംരക്ഷിക്കാനായി ഉയര്‍ത്തിയ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊടങ്കാറ്റില്‍ തകര്‍ന്നു. കാലാവസ്ഥ കനത്തതോടെ റോഡുകള്‍ അടച്ചിട്ടു. മരങ്ങള്‍ കടപുഴകി വീണതോടെയാണ് റോഡുകള്‍ അടച്ചിട്ടത്. കനത്ത കാറ്റിന് പുറമെ മഞ്ഞും പെയ്തിറങ്ങിയതോടെ ബ്രിട്ടനിലെ ഗതാഗത ശൃംഖല താറുമാറായി. അടുത്ത ആഴ്ച വരെ ഈ അവസ്ഥ തുടരുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 

യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. ഡാര്‍ട്‌ഫോര്‍ഡില്‍ തെയിംസിന് കുറുകെയുള്ള ക്യൂന്‍ എലിസബത്ത് 2 പാലവും കടുത്ത കാറ്റില്‍ അടച്ചിട്ടു. എം25ല്‍ ട്രാഫിക് തടസ്സങ്ങള്‍ തുടരുകയാണെന്ന് ഹൈവേസ് ഇംഗ്ലണ്ട് അറിയിച്ചു. നൂറുകണക്കിന് വീടുകളാണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഇരുട്ടിലാണ്ടത്. വെയില്‍സില്‍ ഗരാജ് മേല്‍ക്കൂരകളും കാറ്റില്‍ പറന്നുപോയി. കെന്‍സിംഗ്ടണ്‍ സ്ട്രീറ്റില്‍ സ്‌കഫോള്‍ഡിംഗ് തകര്‍ന്നുവീണ് രണ്ട് യുവതികള്‍ മരണത്തില്‍ നിന്നും നിമിഷങ്ങളുടെ അകലത്തിലാണ് രക്ഷപ്പെട്ടത്. 

കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈവേ ടീമുകള്‍ പരിശ്രമിക്കുന്നതിനാല്‍ കെന്റ് കൗണ്ടി കൗണ്‍സില്‍ മോട്ടോറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മരങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നതായി നിരവധി ഫോണ്‍ കോളുകള്‍ ലഭിക്കുന്നതായി ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ലെസ്റ്ററില്‍ എം1-ല്‍ ജംഗ്ഷന്‍ 22, 23ന് ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞ് മൂലം സുരക്ഷിതമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത കാറ്റ് എത്തിയതോടെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനയാത്രയും ബുദ്ധിമുട്ടിലായി. 

ചൊവ്വാഴ്ച വരെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ യെല്ലോ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്. ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും സമാനമായ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വരെ കനത്ത മഴയ്ക്കും സാധ്യതയുള്ളതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.