Breaking Now

ദൈവത്തിലും, അത്ഭുതങ്ങളിലും വിശ്വസിച്ച് പോകും! 2 മിനിറ്റ് വൈകിപ്പോയതിനാല്‍ വിമാനയാത്ര നടന്നില്ല; പറന്നുയര്‍ന്ന് ആറ് മിനിറ്റില്‍ വിമാനം തകര്‍ന്നുവീണ് എല്ലാവരും മരിച്ചു

150-ാം യാത്രക്കാരനായി വിമാനത്തില്‍ കയറേണ്ടിയിരുന്ന മാവ്‌റോപൗലോസ് കൃത്യസമയത്ത് എത്താതിരുന്നതാണ് ഭാഗ്യമായത്.

ചിലപ്പോള്‍ അങ്ങനെയാണ്. എത്ര വിശ്വാസം ഇല്ലെങ്കിലും ചില സമയങ്ങളില്‍, ചില അനുഭവങ്ങള്‍ നേരിടുമ്പോള്‍ ദൈവത്തെ സ്തുതിച്ച് പോകും. ഗ്രീക്കുകാരനായ ആന്റോണിസ് മാവ്‌റോപൗലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ദൈവത്തിലും, അത്ഭുതങ്ങളിലും മനുഷ്യന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പോന്നതാണ്. മാവ്‌റോപൗലോസ് ആരെന്നല്ലേ, ഞായറാഴ്ച തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-ല്‍ യാത്ര ചെയ്യേണ്ടിയിരുന്ന ഭാഗ്യവാനാണ് ഇദ്ദേഹം. 

എത്യോപ്യന്‍ തലസ്ഥാനത്ത് നിന്നും കെനിയയിലെ നെയ്‌റോബിയിലേക്ക് പറക്കാന്‍ തുടങ്ങിയ വിമാനം പറന്നുയര്‍ന്ന് ആറാം മിനിറ്റില്‍ തകര്‍ന്നുവീഴുകയായിരുന്നു. ആഡിസ് അബാബയില്‍ നിന്നും 149 യാത്രക്കാരും, എട്ട് ജീവനക്കാരുമായി തകര്‍ന്നുവീണ വിമാനത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. 150-ാം യാത്രക്കാരനായി വിമാനത്തില്‍ കയറേണ്ടിയിരുന്ന മാവ്‌റോപൗലോസ് കൃത്യസമയത്ത് എത്താതിരുന്നതാണ് ഭാഗ്യമായത്. 

ഇന്റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റായ മാവ്‌റോപൗലോസ് യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യുകയായിരുന്നു. അവസാന നിമിഷം വിമാനം കിട്ടാതെ പോയതിന്റെ ആശ്വാസം രേഖപ്പെടുത്തിയാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചത്. അവിചാരിതമായ കാര്യങ്ങള്‍ കാത്തിരിക്കുന്ന വലയാണ് ജീവിതമെന്നാണ് തന്റെ ഭാഗ്യ ദിനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. 

വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ രണ്ട് മിനിറ്റ് വൈകിയാണ് മാവ്‌റോപൗലോസ് എത്തിയത്. തന്നെ കയറ്റാതെ വിമാനം വിടുന്നതില്‍ പ്രതിഷേധവും രേഖപ്പെടുത്തി. ഇതിന് ശേഷം മറ്റൊരു വിമാനംഎയര്‍പോര്‍ട്ട് ജീവനക്കാര്‍ ബുക്ക് ചെയ്ത് നല്‍കി. കുറച്ച് സമയത്തിന് ശേഷം അപകടം നടന്ന വിവരം പോലീസ് അറിയിച്ചപ്പോള്‍ ഇദ്ദേഹം ഒരു നിമിഷം ഷോക്കടിച്ച അവസ്ഥയിലായി. പ്രതിഷേധം വേണ്ട, ജീവന്‍ രക്ഷപ്പെട്ടതിന് ദൈവത്തോട് നന്ദി പറയാനാണ് ഓഫീസര്‍ ആവശ്യപ്പെട്ടതെന്ന് മാവ്‌റോപൗലോസ് കുറിയ്ക്കുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യക്കാരും, ഏഴ് ബ്രിട്ടീഷുകാരും ഉള്‍പ്പെടുന്നു.




കൂടുതല്‍വാര്‍ത്തകള്‍.