Breaking Now

തെരേസ മേയ്ക്ക് രണ്ടാം ചാന്‍സ് അനുവദിച്ച് യൂറോപ്യന്‍ യൂണിയന്‍; അവസാന നിമിഷം ബാക്ക്‌സ്റ്റോപ്പില്‍ നിയമപരമായ മാറ്റങ്ങള്‍; കരാറുമായി പ്രധാനമന്ത്രി എംപിമാരുടെ മുന്നിലേക്ക്; ഇനിയൊരു അവസരമില്ലെന്ന് ജങ്കര്‍

തെരേസ മേയുടെ ആദ്യത്തെ ബ്രക്‌സിറ്റ് കരാര്‍ ജനുവരിയില്‍ 230 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് തള്ളിയത്

ബ്രക്‌സിറ്റ് കരാര്‍ സംബന്ധിച്ച തര്‍ക്കവിഷയങ്ങളില്‍ അന്ത്യനിമിഷത്തില്‍ വിജയം പ്രധാനമന്ത്രി തെരേസ മേയ്‌ക്കൊപ്പം. പ്രധാന പ്രശ്‌നമായി മാറിയ ഐറിഷ് ബാക്ക്‌സ്റ്റോപ്പില്‍ ബ്രിട്ടന്റെ ആവശ്യത്തിന് വഴങ്ങി ബ്രസല്‍സ് നിയമപരമായ മാറ്റങ്ങള്‍ അനുവദിച്ചതോടെയാണ് അവസാന നിമിഷം ബലാബലം അവസാനിച്ചത്. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കാനുള്ള ബ്രിട്ടീഷ് ജനതയുടെ അഭിലാഷം സഫലീകരിക്കുന്നതാണ് തന്റെ കരാറെന്ന് ജീന്‍ ക്ലോഡ് ജങ്കര്‍ക്കൊപ്പമുള്ള സംയുക്ത പത്രസമ്മേളനത്തില്‍ മേയ് പ്രസ്താവിച്ചു. 

ഈ കരാറുമായി ഇന്ന് ബ്രിട്ടീഷ് എംപിമാര്‍ക്ക് മുന്നിലെത്തുമ്പോള്‍ തന്നെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കരാറില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ പിന്തുണയ്ക്കുന്ന കാര്യം ടോറി വിമതരും, ഡിയുപിയും ഉറക്കമിളച്ചിരുന്ന് തീരുമാനിച്ചിരിക്കും. കരാര്‍ പുനര്‍ചര്‍ച്ചയ്ക്ക് വെയ്ക്കാനുള്ള തെരേസ മേയുടെ ശ്രമങ്ങള്‍ വിജയകരമായില്ലെന്ന് മാത്രമല്ല ബാക്ക്‌സ്റ്റോപ്പ് പരിപൂര്‍ണ്ണമായി തള്ളാനുള്ള ആവശ്യങ്ങളും നടപ്പായിട്ടില്ലെന്നതാണ് ആശങ്കയ്ക്ക് വഴിയൊരുക്കുന്നത്. 

വിവിധ വിഷയങ്ങളില്‍ വിഘടിച്ച് നില്‍ക്കുന്ന എംപിമാരോട് ഇനിയെങ്കിലും ഒരുമിച്ച് നിന്ന് മെച്ചപ്പെട്ട ബ്രക്‌സിറ്റ് കരാര്‍ അംഗീകരിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. ബ്രിട്ടീഷ് ജനതയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഇത് ആവശ്യമാണ്. അതേസമയം ബ്രിട്ടന് മൂന്നാമതൊരു അവസരം നല്‍കില്ലെന്ന് ജങ്കര്‍ പത്രസമ്മേളനത്തില്‍ ഉറപ്പിച്ച് പറഞ്ഞു. ഇതാണ് നിങ്ങള്‍ക്കുള്ള കരാര്‍, അല്ലെങ്കില്‍ ബ്രക്‌സിറ്റ് ഒരിക്കലും സംഭവിക്കില്ല, ജങ്കര്‍ മുന്നറിയിപ്പ് നല്‍കി. 

തെരേസ മേയുടെ ആദ്യത്തെ ബ്രക്‌സിറ്റ് കരാര്‍ ജനുവരിയില്‍ 230 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് തള്ളിയത്. മാറ്റം വരുത്തിയ കരാര്‍ കൂടുതല്‍ ശക്തമാണെന്നും ഇതിനെ പിന്തുണയ്ക്കണമെന്നും മേയുടെഡെപ്യൂട്ടി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.