Breaking Now

മേയുടെ കരാര്‍ തോറ്റു, ഇനിയെന്ത്? ബ്രക്‌സിറ്റ് നടപ്പാക്കുന്നത് വൈകാനും, റദ്ദാക്കാനും വരെ സാധ്യത; റിമെയിന്‍ സംഘം രണ്ടാം ഹിതപരിശോധനയ്ക്ക് വഴിയൊരുക്കിയേക്കാം; ഇതുമല്ലെങ്കില്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതമായി രാജിവെപ്പിക്കാം!

മൂന്നാമതൊരു അവസരം നല്‍കില്ലെന്ന് ഇയു വ്യക്തമാക്കിയിട്ടുള്ളതിനാല്‍ കരാറില്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് സാധ്യത കുറവാണ്

പ്രധാനമന്ത്രി തെരേസ മേയ് ആയുധം വെച്ച് കീഴടങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെ ബ്രക്‌സിറ്റിന്റെ നിയന്ത്രണം പാര്‍ലമെന്റിന്റെ കൈകളിലേക്ക്. ബ്രക്‌സിറ്റ് കരാറില്‍ പാര്‍ലമെന്റില്‍ വീണ്ടും തിരിച്ചടി ഏറ്റുവാങ്ങിയതോടെ അപ്രതീക്ഷിതമായ പല പ്രത്യാഘാതങ്ങള്‍ക്കും ഇനി ബ്രിട്ടന്‍ സാക്ഷിയാകും. പുതിയ ഹിതപരിശോധന മുതല്‍ തെരഞ്ഞെടുപ്പിനും, തെരേസ മേയുടെ രാജിക്കും വരെ സാധ്യതയുണ്ട്.

കരാറില്ലാതെ പുറത്തിറങ്ങുന്നത് സംബന്ധിച്ചുള്ള വോട്ടാണ് ഇതില്‍ ആദ്യ പടി. ടോറി എംപിമാര്‍ക്ക് സ്വതന്ത്രമായ രീതിയില്‍ വോട്ട് ചെയ്യാന്‍ തെരേസ മേയ് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലം അനുസരിച്ചാകും ഗവണ്‍മെന്റ് നയം തീരുമാനിക്കുക. നോ ഡീല്‍ പാര്‍ലമെന്റ് തടയുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതോടെ ബ്രക്‌സിറ്റ് കൈയ്യാലപ്പുറത്തെ തേങ്ങയായി അനിശ്ചിതത്വത്തിലേക്ക് നീങ്ങും. 

വ്യാഴാഴ്ചയാണ് ബ്രക്‌സിറ്റ് വൈകിപ്പിക്കുന്ന കാര്യത്തില്‍ വോട്ടെടുപ്പ് നടക്കുക. ഈ വോട്ടിംഗിന് ശേഷം എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ. ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ എംപിമാര്‍ തീരുമാനിച്ചാല്‍ നിബന്ധനകള്‍ ഇയു'വും, യൂറോപ്യന്‍ കൗണ്‍സിലുമായി ചര്‍ച്ച ചെയ്ത് ഉറപ്പിക്കേണ്ടി വരും. അടുത്ത ആഴ്ച യൂറോപ്യന്‍ കൗണ്‍സിലില്‍ മേയ് യൂറോപ്യന്‍ നേതാക്കളെ കാണുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനും നിര്‍ബന്ധിതമാകും. 

എന്നാല്‍ മൂന്നാമതൊരു അവസരം നല്‍കില്ലെന്ന് ഇയു വ്യക്തമാക്കിയിട്ടുള്ളതിനാല്‍ കരാറില്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് സാധ്യത കുറവാണ്. മാര്‍ച്ച് 29നുള്ളില്‍ ആര്‍ട്ടിക്കിള്‍ 50 പിന്‍വലിക്കുകയോ, ദീര്‍ഘിപ്പിക്കുകയോ ചെയ്യാത്ത പക്ഷം ബ്രിട്ടന്‍ കരാറില്ലാതെ പുറത്തിറങ്ങേണ്ടി വരും. കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കാന്‍ 16 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ബ്രക്‌സിറ്റ് വൈകാന്‍ തന്നെയാണ് സാധ്യത. സമ്മര്‍ദത്തിനൊടുവില്‍ മേയ് പുറത്തുപോകാനും, പൊതുതെരഞ്ഞെടുപ്പ് ആഗതമാകാനും സാധ്യതകളും തുടരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.