Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് പാരയായി ശമ്പളവര്‍ദ്ധനവ്; കാത്തിരുന്ന് കിട്ടിയ വര്‍ദ്ധനവ് പലരുടെയും ശമ്പളം വെട്ടിക്കുറയ്ക്കും; ഈ കൊടുംചതിക്ക് കാരണം ഈ പ്രശ്‌നം!

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വേതന കരാര്‍ ട്രേഡ് യൂണിയന്‍ അംഗീകരിച്ചിരുന്നില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിച്ചു

വര്‍ഷങ്ങളായുള്ള പോരാട്ടത്തിനും, പ്രതിഷേധങ്ങള്‍ക്കും, യാചനകള്‍ക്കും ഒടുവിലാണ് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നാമമാത്രമായ ശമ്പളവര്‍ദ്ധനവ് അനുവദിക്കപ്പെട്ടത്. എന്നാല്‍ ശമ്പളവര്‍ദ്ധനവില്‍ സന്തോഷിക്കുന്നതിന് പകരം ചില നഴ്‌സുമാര്‍ കരയേണ്ട അവസ്ഥയിലാണ്. നൂറുകണക്കിന് നഴ്‌സുമാര്‍ക്കാണ് പണിയെടുത്ത് നേടിയ വരുമാനം എന്‍എച്ച്എസിന് തിരികെ നല്‍കേണ്ടിവരുന്നത്. 

കഴിഞ്ഞ മാസമാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ (എച്ച്എസ്‌സി) ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ശമ്പളവര്‍ദ്ധനവ് നടപ്പാക്കിയത്. ഇതുമൂലം ഉയര്‍ന്ന പെന്‍ഷന്‍ ബ്രാക്കറ്റില്‍ പെടുന്നതോടെയാണ് ഇവര്‍ക്ക് ശമ്പളം വര്‍ദ്ധിക്കുന്നതിന് പകരം കുറഞ്ഞ ശമ്പളവുമായി തൃപ്തിപ്പെടേണ്ടി വരുന്നത്. പ്രശ്‌നത്തില്‍ ജീവനക്കാരും, യൂണിയനുകളുമായി ചര്‍ച്ച നടത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

ദീര്‍ഘകാലം പോരാടി നേടിയ വര്‍ദ്ധനവിനൊടുവില്‍ ഇതാണ് അനുഭവമെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒരു നഴ്‌സ് പ്രതികരിച്ചു. ആരും നഴ്‌സുമാരെ പരിഗണിക്കുന്നില്ലെന്നും, മൂല്യമില്ലാത്ത ജോലിയാണ് ചെയ്യുന്നതെന്ന മാനസികാവസ്ഥയുമാണ് ഈ അവസ്ഥ സംജാതമാക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നഴ്‌സിംഗ് ജീവനക്കാര്‍ക്ക് മേലുള്ള സമ്മര്‍ദം അതിരൂക്ഷമാണെന്നിരിക്കവെയാണ് ഈ തിരിച്ചടി. 240 പൗണ്ട് കുറവ് ശമ്പളമാണ് ഈ നഴ്‌സുമാര്‍ക്ക് കൈയില്‍ കിട്ടുക. 

ക്രിസ്മസ് കാലത്ത് പോലും ദീര്‍ഘസമയം ജോലി ചെയ്തതിനാല്‍ കുടുംബത്തോടൊപ്പവും, സുഹൃത്തുക്കളെയും കാണാതെ കഴിച്ചുകൂട്ടിയതിന് ഇതാണോ പ്രതിഫലമെന്നും നഴ്‌സുമാര്‍ ചോദിക്കുന്നു. നഴ്‌സിംഗിലേക്ക് ആളെ കിട്ടാത്ത അവസ്ഥയുള്ളപ്പോള്‍ ഇതാണ് ജോലി ചെയ്യുന്നവര്‍ക്കുള്ള അവസ്ഥയെങ്കില്‍ നല്ല നഴ്‌സുമാരെ അകറ്റാന്‍ മാത്രമാണ് ഉപകരിക്കുകയെന്നും വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വേതന കരാര്‍ ട്രേഡ് യൂണിയന്‍ അംഗീകരിച്ചിരുന്നില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിച്ചു. വിഷയത്തില്‍ ചര്‍ച്ച നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.