Breaking Now

രാഷ്ട്രീയത്തില്‍ ഇറങ്ങിയത് കടിക്കാനും, പിടിക്കാനുമല്ല; മന്ത്രി കടകംപള്ളിക്ക് പൂഴിക്കടകന്‍ മറുപടിയുമായി കുമ്മനം രാജശേഖരന്‍

കുമ്മനത്തിന് അവസാനം കടിച്ചതും പിടിച്ചതും ഇല്ലാത്ത അവസ്ഥയാകുമെന്ന് കടകംപള്ളി പറഞ്ഞിരുന്നു

ജനങ്ങളെ സേവിക്കാനാണ് തന്നെ പോലുള്ള രാഷ്ട്രീയത്തിന്റെ പാത സ്വീകരിച്ചതെന്ന് മിസോറാം മുന്‍ ഗവര്‍ണ്ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ള മറുപടിയായാണ് കുമ്മനം ഈ പ്രസ്താവന നടത്തിയത്. കടകംപള്ളിയെ പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് കടിക്കാനും, പിടിക്കാനുമാകാം, പക്ഷെ താന്‍ രാഷ്ട്രീയത്തില്‍ എത്തിയത് ജനങ്ങളെ സേവിക്കാനാണ്, കുമ്മനം തിരിച്ചടിച്ചു. 

മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കുമ്മനം രാജശേഖരന്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളോട് മറുപടി പറയവെയാണ് കുമ്മനത്തിന് അവസാനം കടിച്ചതും പിടിച്ചതും ഇല്ലാത്ത അവസ്ഥയാകുമെന്ന് കടകംപള്ളി പ്രതികരിച്ചത്. ഇതിന് മറുപടി നല്‍കവെയാണ് കടകംപള്ളിയെ പോലുള്ളവര്‍ കടിക്കാനും പിടിക്കാനും ഇറങ്ങിയത് പോലെയല്ല തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് കുമ്മനം വ്യക്തമാക്കിയത്. 

വിശ്വാസങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ് പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയതെന്നും കുമ്മനം രാജശേഖരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും ജനങ്ങളുടെ അംഗീകാരം തനിക്ക് ലഭിക്കും, ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തതിനാല്‍ ജനങ്ങള്‍ക്ക് തന്നെ വിശ്വാസമാണെന്നും കുമ്മനം പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.