CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 10 Seconds Ago
Breaking Now

കൊടുത്താല്‍ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോള്‍ അതു മനസിലായി ; കെ വി തോമസിനെ ഒഴിവാക്കിയതിനെ കുറിച്ച് അഡ്വ ജയശങ്കര്‍

സോണിയാജിയുടെ സ്ഥാനത്ത് രാഹുല്‍ജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു.

എറണാകുളം സിറ്റിങ് എംപി കെ വി തോമസിന്റെ സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ എ ജയശങ്കര്‍. സോണിയാജിയുടെ സ്ഥാനത്ത് രാഹുല്‍ജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു. തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി. ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടിയെന്ന് ജയശങ്കര്‍ ഫേസ്ബുക്കിലൂടെ കുറിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കൊടുത്താല്‍ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോള്‍ അതു മനസിലായി.

1984ല്‍ സിറ്റിങ് മെമ്പറായ സേവ്യര്‍ അറക്കലിന്റെ പേരു വെട്ടിയിട്ടാണ് കെ കരുണാകരന്‍ കെവി തോമസിനെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കിയത്. അന്ന് അറക്കല്‍ പരിഭവിച്ചു; വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് പ്രതിഷേധിച്ചു. കരുണാകരന്‍ കുലുങ്ങിയില്ല. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ട സഹതാപ തരംഗത്തില്‍ തോമസ് മാഷ് ജയിച്ചു. 89ലും 91ലും ജയം ആവര്‍ത്തിച്ചു.

ഫ്രഞ്ച് ചാരക്കേസില്‍ ചീത്തപ്പേരു കേള്‍പ്പിച്ച മാഷ് 1996ല്‍ തോറ്റു. ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യര്‍ അറക്കല്‍ വിജയിച്ചു. ഒരു മധുര പ്രതികാരം.

കരുണാകരന്റെ കരുണാ കടാക്ഷത്താല്‍ തോമസ് മാഷ് എറണാകുളം DCC പ്രസിഡന്റായി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രൊഫ ആന്റണി ഐസക്കിനെയും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ലിനോ ജേക്കബിനെയും കാലുവാരി തോല്പിച്ചു.

2001ല്‍ എറണാകുളത്തു നിന്ന് നിയമസഭാംഗമായി. കരുണാകരന്‍ വാശിപിടിച്ചു തോമസിനെ മന്ത്രിയാക്കി. (അങ്ങനെ ഉമ്മന്‍ചാണ്ടിയുടെ അവസരം ഇല്ലാതാക്കി). മന്ത്രിയായ ഉടന്‍ മാഷ് ലീഡറെ തളളിപ്പറഞ്ഞ് ആന്റണിയുടെ വിശ്വസ്തനായി. 2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തോമസ് മാഷിനെ ഒഴിവാക്കി. പകരം ഡൊമിനിക്ക് പ്രസന്റേഷനെ മന്ത്രിയാക്കി.

2006ലെ വിഎസ് തരംഗത്തിലും മാഷ് ജയിച്ചു കയറി. അതേസമയം ഡൊമിനിക്കിനെ പാരവെച്ചു തോല്പിച്ചു. അതാണ് തോമസ് മാഷ്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എകെ ആന്റണിയും നിര്‍ദേശിച്ച പേര് ഹൈബി ഈഡന്റെയായിരുന്നു. വരാപ്പുഴ മെത്രാന്‍ കത്ത് കൊടുത്തതും ഹൈബിക്കു തന്നെ. പക്ഷേ, റോബര്‍ട്ട് വാദ്രയെ വട്ടം പിടിച്ചു തോമസ് മാഷ് സീറ്റ് 'വാങ്ങി'. ഭൂരിപക്ഷം കുറഞ്ഞു എങ്കിലും ജയിച്ചു. പിജെ കുര്യനെയും പിസി ചാക്കോയെയും വെട്ടി കേന്ദ്ര മന്ത്രിയായി. 2014ല്‍ വീണ്ടും ജയിച്ചു. പിഎസി ചെയര്‍മാനായി.

സോണിയാജിയുടെ സ്ഥാനത്ത് രാഹുല്‍ജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു. തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി. ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി. ഹൈബി ഈഡനാണ് ഇത്തവണ സ്ഥാനാര്‍ഥി. തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിന്റെ ഐശ്വര്യം.

തോമസ് മാഷ് വളരെ ഖിന്നനും ക്ഷുഭിതനുമാണ്. ബിജെപിയില്‍ ചേരുന്ന കാര്യം ആലോചിക്കുന്നു. നരേന്ദ്രമോദിയും അമിത് ഷായും മീന്‍ കഴിക്കില്ല. അതാണ് ഒരേയൊരു പ്രതിബന്ധം.

 

 




കൂടുതല്‍വാര്‍ത്തകള്‍.