രാജ്യത്തിന്റെ കാവല്ക്കാരന് താന്‍ മാത്രമല്ല നിങ്ങള്‍ ഓരോരുത്തരുമാണ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങളില്‍ ആരോപണപ്രത്യാരോപണങ്ങള്‍ കൊടുമ്പിരി കൊള്ളുകയാണ്. പ്രചരണങ്ങളുടെ ഭാഗമായി ചൗകീദാര്‍ എന്ന് എല്ലാ നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചേര്‍ത്തിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
വിജയ് മല്ല്യയെ രാജ്യംവിടാന്‍ അനുവദിച്ച കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. പ്രധാനമന്ത്രി മോദിക്ക് 40 കള്ളന്മാരുടെ ഒരു സംഘവും ഒപ്പമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഞാനും കാവല്ക്കാരന് എന്ന ട്വിറ്റര്‍ പ്രചരണങ്ങളെ മോദി ബാബയും, അദ്ദേഹത്തിന്റെ 40 കള്ളന്മാരും എന്നാണ് സുര്‍ജേവാല പരിഹസിച്ചത്.
ജനങ്ങളുടെ വിശ്വാസം തന്നെ നരേന്ദ്ര മോദി സര്‍ക്കാരിന് നഷ്ടമായെന്നതാണ് വാസ്തവം. വിജയ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിച്ച കാവല്‍ക്കാരനും കള്ളനാണ്. നിരവ് മോദി, ലളിത് മോദി എന്നിവരെയും രാജ്യം വിടാന്‍ അനുവദിച്ചു. കോടികള്‍ അടിച്ചുമാറ്റിയ ഇവരെ സഹായിച്ച കാവല്‍ക്കാരനും കള്ളനാണ്, സുര്‍ജേവാല വിമര്‍ശിച്ചു.
മോദി ബാബയ്ക്കും, 40 കള്ളന്മാര്ക്കും പ്രത്യേകിച്ച് ഒന്നും കാണിക്കാനില്ല. ഇതാണ് ട്വിറ്ററിലെ പേരുമാറ്റത്തിന് പിന്നില്‍. പ്രധാനമന്ത്രി മോദി മുദ്രാവാക്യങ്ങള്‍ മാറ്റി സ്വയം ബ്രാന്‍ഡ് ചെയ്യുകയാണെന്നും സുര്‍ജേവാല ആരോപിച്ചു.