CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 18 Seconds Ago
Breaking Now

ഹിതപരിശോധന കഴിഞ്ഞ് 1000 ദിനങ്ങള്‍; ബ്രക്‌സിറ്റിന് ഇനി 9 നാള്‍; ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന് രണ്ടാം ഹിതപരിശോധന വേണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍; കാലാവധി നീട്ടത്തരാന്‍ അപേക്ഷിച്ച് മേയ് ബ്രസല്‍സിലേക്ക്; മാര്‍ച്ച് 29-ന് പകരം ജൂണ്‍ 30 വിവാഹമോചന തീയതിയാകുമോ?

ദീര്‍ഘകാലത്തേക്ക് ബ്രക്‌സിറ്റ് മാറ്റിവെയ്ക്കുന്നതിന് പകരം മൂന്ന് മാസത്തെ ദീര്‍ഘിപ്പിക്കലാണ് ഡൊണാള്‍ഡ് ഡസ്‌കിനോട് മേയ് ആവശ്യപ്പെടുക

ബ്രക്‌സിറ്റ് ഒന്‍പത് മാസക്കാലം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം തള്ളി തെരേസ മേയ്. ഈ ആവശ്യങ്ങള്‍ ക്യാബിനറ്റില്‍ വലിയ രോഷത്തിന് ഇടയാക്കിയതോടെയാണ് മൂന്ന് മാസം കൊണ്ട് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. മൂന്ന് മാസക്കാലം മാത്രം കാത്തിരിക്കാനാണ് ടോറി പാര്‍ട്ടി തയ്യാറുള്ളൂവെന്ന് അറിയിച്ചതോടെയാണ് മാര്‍ച്ച് 29ന് പകരം ജൂണ്‍ 30 ആയി സമയപരിധി ദീര്‍ഘിപ്പിക്കാന്‍ ഒരുങ്ങുന്നത്. കുറച്ച് നാള്‍ കൂടി സമയപരിധി നീട്ടിക്കിട്ടാന്‍ പ്രധാനമന്ത്രി ഇയുവിന് കത്തെഴുതും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള വിടവാങ്ങല്‍ പ്രതിസന്ധി ഘട്ടത്തിലാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. 

ക്യാബിനറ്റ് യോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ തെരേസ മേയ്ക്ക് മേല്‍ കനത്ത സമ്മര്‍ദം ചെലുത്തിയതോടെയാണ് സമയപരിധി ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതേണ്ടി വരുന്നത്. ദീര്‍ഘകാലത്തേക്ക് ബ്രക്‌സിറ്റ് മാറ്റിവെയ്ക്കുന്നതിന് പകരം മൂന്ന് മാസത്തെ ദീര്‍ഘിപ്പിക്കലാണ് ഡൊണാള്‍ഡ് ഡസ്‌കിനോട് മേയ് ആവശ്യപ്പെടുക. ആരാണ് ഇപ്പോള്‍ ബ്രക്‌സിറ്റിന് നേതൃത്വം കൊടുക്കുന്നതെന്ന് ചോദിച്ചാല്‍ ആരുമില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു മന്ത്രി പ്രതികരിച്ചു. ദശകങ്ങളായി കാണാത്ത തരത്തിലുള്ള ദേശീയ നാണക്കേടാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

90 മിനിറ്റ് നീണ്ട ക്യാബിനറ്റ് യോഗത്തില്‍ മന്ത്രിമാര്‍ ഏറ്റുമുട്ടലിലായിരുന്നുവെന്നാണ് വിവരം. ഈ ക്യാബിനറ്റ് ബ്രക്‌സിറ്റ് പ്രദാനം ചെയ്യാനുള്ളതായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് സംഭവിക്കാന്‍ തന്നെ സാധ്യതയില്ലെന്നാണ് കോമണ്‍സ് നേതാവ് ആന്‍ഡ്രിയ ലീഡ്‌സം പ്രതികരിക്കുന്നത്. 2016 ഹിതപരിശോധനയ്ക്ക് ശേഷം ആയിരം ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ ദുരവസ്ഥ. ബ്രസല്‍സ് ക്ലബില്‍ നിന്നും വിടവാങ്ങാന്‍ കേവലം കേവലം 9 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ഏത് വഴിക്ക് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണ്. 

കരാറില്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും, കരാര്‍ എംപിമാര്‍ തള്ളിയതും, മൂന്നാം വോട്ട് തടഞ്ഞ സ്പീക്കര്‍ ജോണ്‍ ബെര്‍കോവും ചേര്‍ന്നാണ് മാര്‍ച്ച് 29ന് ബ്രക്‌സിറ്റ് നടപ്പാക്കുന്നത് നടക്കില്ലെന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. എന്നാല്‍ വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് നിബന്ധനകള്‍ ബാധകമാണെന്നാണ് ഇയു വ്യക്തമാക്കുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.