കഴിഞ്ഞ ആഴ്ച ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണം ആഘോഷിച്ച ജീവനക്കാരനെ യുഎഇ കമ്പനി പുറത്താക്കി. ഇതിന് പുറമെ ഇയാളെ നാടുകടത്താനും തീരുമാനിച്ചിട്ടുണ്ട്. മലയാളി ഉള്‍പ്പെടെ 49 പേരാണ് ആയുധധാരി നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചുവീണത്. ക്രൈസ്റ്റ്ചര്‍ച്ചില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് എത്തിയപ്പോഴായിരുന്നു അക്രമസംഭവങ്ങള്‍.
ഓസ്ട്രേലിയന്‍ വംശജനായ 28കാരന് ബ്രെന്റണ്‍ ടാറന്റാണ് വെള്ളക്കാരാണ് വലിയവരെന്ന് പ്രഖ്യാപിച്ച് ഈ ഭീകരാക്രമണം നടത്തിയത്. ഈ കൂട്ടക്കൊലയില്‍ സന്തോഷം രേഖപ്പെടുത്തി ഫേസ്ബുക്ക് കുറിപ്പെഴുതിയതാണ് ജീവനക്കാരന് പാരയായത്. 'ട്രാന്‍സ്ഗാര്‍ഡ് ജീവനക്കാരന് ക്രൈസ്റ്റ്ചര്‍ച്ചിലെ ഭീകരാക്രമണങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയാണ് എഫ്ബി അക്കൗണ്ട് വഴി ആഘോഷിച്ചത്', സെക്യൂരിറ്റി കമ്പനിയായ ട്രാന്‍സ്ഗാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഇതിനാല്‍ ഈ വ്യക്തിയെ അടിയന്തരമായി ജോലിയില്‍ നിന്നും പുറത്താക്കി. ഇയാളെ രാജ്യത്തെ അധികൃതര്‍ക്ക് കൈമാറി, മാനേജിംഗ് ഡയറക്ടര്‍ ഗ്രെഗ് വാര്‍ഡ് അറിയിച്ചു.
യുഎഇ സര്‍ക്കാര്‍ ഈ വ്യക്തിയെ നാടുകടത്തിയെന്നും കമ്പനി പറയുന്നു. എന്നാല്‍ ഏത് രാജ്യക്കാരനാണ് ഇയാളെന്നോ, എന്ത് അഭിപ്രായമാണ് പറഞ്ഞതെന്നോ ഇവര്‍ വെളിപ്പെടുത്തിയില്ല. യുഎഇ സര്‍ക്കാര്‍ അധികൃതരും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.