CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 47 Seconds Ago
Breaking Now

നിരവ് മോദിയുടെ അറസ്റ്റ് നടക്കേണ്ടിയിരുന്നത് മാര്‍ച്ച് 25ന്; അഞ്ച് ദിവസം മുന്‍പ് ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുറക്കാനെത്തിയത് പാരയായി; തട്ടിപ്പുകാരനെ കുടുക്കി ക്ലര്‍ക്ക് പോലീസിനെ വിളിച്ചു; ജാമ്യാപേക്ഷ തള്ളിയതോടെ കസ്റ്റഡിയിലായ നിരവിനെ കാത്തിരിക്കുന്നത് മല്ല്യയേക്കാള്‍ വേഗത്തിലുള്ള നടപടികള്‍

5 ലക്ഷം പൗണ്ട്, അതായത് ഏകദേശം 4.5 കോടി രൂപ അടച്ച് ജാമ്യം നേടാനാണ് നിരവിനെ പ്രതിനിധീകരിക്കുന്ന ബാരിസ്റ്റര്‍ ജോര്‍ജ്ജ് ഹെപ്‌ബേണ്‍ സ്‌കോട്ട് മുന്നോട്ട് വെച്ചത്

ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുറന്ന് തന്റെ ലൈഫ് അടിപൊളിയാക്കാന്‍ ഇറങ്ങിത്തിരിച്ചതാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോടികള്‍ പറ്റിച്ച് മുങ്ങിയ വജ്രവ്യാപാരി നിരവ് മോദിക്ക് പറ്റിയ അക്കിടി. ലണ്ടനിലെ മെട്രോ ബാങ്കില്‍ ചൊവ്വാഴ്ച അക്കൗണ്ട് തുറക്കാനെത്തിയ നിരവ് മോദിയെക്കുറിച്ച് ബാങ്ക് ക്ലര്‍ക്കാണ് പോലീസിന് വിവരം നല്‍കിയത്. നിരവിന്റെ അഭിഭാഷകര്‍ ലണ്ടന്‍ കോടതി പുറപ്പെടുവിച്ച വാറണ്ടില്‍ മാര്‍ച്ച് 25ന് അറസ്റ്റ് പ്ലാന്‍ ചെയ്ത് ഇരിക്കുമ്പോഴാണ് പോലീസിന്റെ സര്‍പ്രൈസ് അറസ്റ്റ്. 

ബുധനാഴ്ച നിരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുക കൂടി ചെയ്തതോടെ ഇയാള്‍ക്ക് കസ്റ്റഡിയില്‍ കിടക്കേണ്ട ഗതികേടും വന്നുചേര്‍ന്നു. പോലീസിന്റെ നീക്കങ്ങള്‍ നിരവ് മോദിക്കും, അഭിഭാഷകര്‍ക്കും അതിശയിപ്പിക്കുന്നതായി. പോലീസ് സെല്ലില്‍ ഒരു രാത്രി കിടന്ന ശേഷമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ നിരവിനെ ഹാജരാക്കിയത്. തട്ടിപ്പ് നടത്താന്‍ ഗൂഢാലോചന നടത്തിയതും, ക്രിമിനല്‍ വസ്തുവകള്‍ മറച്ചുവെയ്ക്കാന്‍ ഗൂഢാലോചന നടത്തിയതുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. 

മാര്‍ച്ച് 25ന് നാടകീയതകള്‍ കുറച്ച് പോലീസ് സ്‌റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കങ്ങളാണ് പോലീസ് പൊടുന്നനെ പൊളിച്ചത്. മാര്‍ച്ച് 29 വരെ കസ്റ്റഡിയില്‍ തുടരുന്ന നിരവ് മോദിയെ പ്രിലിമിനറി വിചാരണയ്ക്കായി ചീഫ് മജിസ്‌ട്രേറ്റ് എമ്മാ ആര്‍ബത്‌നോട്ടിന് മുന്‍പാകെ ഹാജരാക്കും. വിജയ് മല്ല്യയുടെ കേസ് കൈകാര്യം ചെയ്ത അതേ ജഡ്ജാണ് എമ്മാ. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇയാളെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തുടക്കമാകും. 

5 ലക്ഷം പൗണ്ട്, അതായത് ഏകദേശം 4.5 കോടി രൂപ അടച്ച് ജാമ്യം നേടാനാണ് നിരവിനെ പ്രതിനിധീകരിക്കുന്ന ബാരിസ്റ്റര്‍ ജോര്‍ജ്ജ് ഹെപ്‌ബേണ്‍ സ്‌കോട്ട് മുന്നോട്ട് വെച്ചത്. തന്റെ കക്ഷി ലണ്ടനില്‍ ഒളിച്ചല്ല ജീവിക്കുന്നതെന്നും കൗണ്‍സില്‍ ടാക്‌സ് അടച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ വരെയുണ്ടെന്നും കേസുമായിസഹകരിക്കുമെന്നും ബാരിസ്റ്റര്‍ വാദിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും ക്ഷണിച്ചിരുന്നു. അധികൃതര്‍ക്ക് കൃത്യമായി വിലാസം അറിയാം. പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് ഹോം ഓഫീസിലും, മറ്റൊന്ന് ഡ്രൈവര്‍ & ലൈസന്‍സിംഗ് ഏജന്‍സിയുടെ പക്കലുമായതിനാല്‍ വിമാനത്തില്‍ കയറി മുങ്ങുമെന്ന് ആശങ്ക വേണ്ട, സ്‌കോട്ട് വിശദീകരിച്ചു. 

എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ ജഡ്ജ് ജാമ്യം അനുവദിച്ചാല്‍ നിരവ് മോദി മുങ്ങാന്‍ സാധ്യതയുണ്ടെന്ന് വിധിച്ച് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിലെ ബാരിസ്റ്റര്‍ ജോന്നാഥന്‍ സ്വെയിനാണ് ഹാജരാകുന്നത്. ഇന്ത്യയില്‍ വിചാരണയില്‍ നിന്നും മുങ്ങിയ നിരവ് മോദിക്ക് ജാമ്യം നല്‍കിയാല്‍ ഇത് ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കാന്‍ കൃത്യമായ കാരണങ്ങളുണ്ട്, സ്വെയിന്‍ വ്യക്തമാക്കി. 

നിരവ് മോദിയുടെ മകന്‍ യുകെയില്‍ അഞ്ച് വര്‍ഷമായി പഠിക്കുന്നു. മോദി യുകെയിലെത്തിയത് നിയമപരമായാണ്, രാജ്യം വിടുമ്പോള്‍ ആരോപണങ്ങളും, പരാതിയും പുറത്തുവന്നിരുന്നില്ല. ഇതെല്ലാം രാഷ്ട്രീയപരമായ ആരോപണങ്ങളാണെന്ന് വാദിക്കും, നിരവിന്റെ അഭിഭാഷകന്‍ പറയുന്നു. അതേസമയം നിരവ് മോദിയുടെ നാടുകടത്തല്‍ ശ്രമങ്ങള്‍ മല്ല്യയേക്കാള്‍ വേഗത്തില്‍ നടക്കുമെന്നാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ആറ് മാസത്തിനുള്ളില്‍ ഇത് തീരുമാനമാകുമെന്നാണ് ഇവര്‍ കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.