Breaking Now

കരാറില്ലാത്ത ബ്രക്‌സിറ്റ് ബ്രിട്ടന് സമ്മാനിക്കുക 2 വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധി; ജിഡിപിയുടെ 3.5 ശതമാനം നഷ്ടമാകും; ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ തെരേസ മേയ് ഇയു നേതാക്കള്‍ക്ക് മുന്നില്‍

വലിയ കലഹങ്ങളില്ലാതെ നോ ഡീല്‍ ബ്രക്‌സിറ്റ് സംഭവിച്ചാലും ബ്രിട്ടന് പ്രശ്‌നങ്ങള്‍ നേരിടുമെന്ന് ഐഎംഎഫ് ഓര്‍മ്മിപ്പിച്ചു

കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറങ്ങിപ്പോരുന്നത് ബ്രിട്ടന് ഗുണകരമാകില്ലെന്ന മുന്നറിയിപ്പുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. അങ്ങിനെ സംഭവിച്ചാല്‍ രണ്ട് വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നത്. ഒപ്പം ജിഡിപിയില്‍ നിന്നും 3.5 ശതമാനം നഷ്ടമാകുമെന്നും ഐഎംഎഫ് വ്യക്തമാക്കി. യുകെയുടെ ഇയു വിടവാങ്ങല്‍ ദീര്‍ഘനാളത്തേക്ക് മാറ്റിവെയ്ക്കാനുള്ള അനുവാദം തേടി തെരേസ മേയ് യൂറോപ്യന്‍ നേതാക്കളെ കാണുമ്പോഴാണ് ഈ മുന്നറിയിപ്പ്. 

ഇനി വലിയ കലഹങ്ങളില്ലാതെ നോ ഡീല്‍ ബ്രക്‌സിറ്റ് സംഭവിച്ചാലും ബ്രിട്ടന് പ്രശ്‌നങ്ങള്‍ നേരിടുമെന്ന് ഐഎംഎഫ് ഓര്‍മ്മിപ്പിച്ചു. അതിര്‍ത്തിയില്‍ തടസ്സങ്ങള്‍ ഇല്ലാതെ, കുറഞ്ഞ സാമ്പത്തിക വിപണി പ്രശ്‌നങ്ങളുമായി ബ്രക്‌സിറ്റ് നടപ്പാക്കിയാലും 2021 അവസാനം വരെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 3.5 ശതമാനം കുറവായി തുടരും. സുഖകരമായ ഒരു ബ്രക്‌സിറ്റ് സംഭവിക്കാതിരുന്നാല്‍ ബ്രിട്ടന് തന്നെയാണ് ഇതിന്റെ കേട് സംഭവിക്കുകയെന്നതാണ് നിലപാട്. 

വ്യാപാര തടസ്സങ്ങള്‍ യുകെ ഫോറിന്‍, ഡൊമസ്റ്റിക് ആവശ്യങ്ങളെ നെഗറ്റീവ് രീതിയില്‍ ബാധിക്കുമെന്നാണ് ഐഎംഎഫ് പറയുന്നത്. ഇയു സമ്പദ് വ്യവസ്ഥയ്ക്കും പ്രതിസന്ധി ബാധിക്കുമെങ്കിലും ഇത് ബ്രിട്ടനോളം മോശമാകില്ല. ഇയു ജിഡിപിയില്‍ 0.5 ശതമാനം ഇടിവാണ് സംഭവിക്കുക. ബ്രിട്ടന്‍ ലോക വ്യാപാര സംഘടനയുടെ നിയമങ്ങളിലേക്ക് മടങ്ങിയാല്‍ ഇയുവും, മറ്റ് രാജ്യങ്ങളും കയറ്റുമതിക്ക് പുതിയ താരിഫുകളും, നിബന്ധനകളും ബാധകമാകും. 

നോ ഡീല്‍ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ ഇറക്കുമതി ചെയ്യുന്ന മിക്ക കാറ്റഗറികളിലും താരിഫ് ഏര്‍പ്പെടുത്തില്ലെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട്. കൂടാതെ സാഹചര്യം അനുകൂലമാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുകയും ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.