Breaking Now

20,670 പൗണ്ട് മുതല്‍ 55,120 പൗണ്ട് വരെ ശമ്പളം നേടുന്നവരുടെ ഭാവി ഭദ്രമല്ല; വരുമാനം വര്‍ദ്ധിക്കാതെ മരവിപ്പില്‍; മധ്യവര്‍ഗ്ഗക്കാരുടെ മരണമണി മുഴങ്ങുന്നുവെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

കുത്തൊഴുക്കിലൂടെ പോകുന്ന ബോട്ട് പോലെയാണ് മധ്യനിരക്കാരുടെ അവസ്ഥയെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടനിലെ മധ്യവര്‍ഗ്ഗക്കാരുടെ ഭാവി സാമ്പത്തിക സ്ഥിതി സുഖരമാകില്ലെന്ന മുന്നറിയിപ്പുമായി ഇക്കണോമിസ്റ്റുകള്‍. റോബോട്ടുകളുടെ വരവ് മുതല്‍ പുരോഗതിയില്ലാത്ത ശമ്പളവും, കുതിച്ചുയരുന്ന ഭവനവിലയും ചേര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത്. വരുമാനത്തെ കാര്യമായി ബാധിക്കുന്നതിനാല്‍ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാമെന്ന സ്വപ്‌നം പോലും മധ്യവര്‍ഗ്ഗക്കാര്‍ ഈ സമ്മര്‍ദം മൂലം ഉപേക്ഷിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് (ഒഇസിഡി) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്. 

കുത്തൊഴുക്കിലൂടെ പോകുന്ന ബോട്ട് പോലെയാണ് മധ്യനിരക്കാരുടെ അവസ്ഥയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലക്ഷക്കണക്കിന് പേരുടെ ഭാവിയാണ് ഇതോടെ ആശങ്കയിലാകുന്നത്. മധ്യവര്‍ഗ്ഗക്കാരുടെ ജീവിതരീതിക്ക് അനുസരിച്ച് ചെലവഴിക്കാനുള്ള പണത്തിന്റെ ലഭ്യത കുറയുന്നത് പ്രധാന പ്രശ്‌നമാകും. സ്വകാര്യ ആരോഗ്യസേവനം, വിദ്യാഭ്യാസം, ഭവനം സ്വന്തമാക്കല്‍ എന്നിവയ്ക്ക് പുറമെ വരുമാനം വര്‍ദ്ധിക്കാതെ സ്ഥായീഭാവത്തില്‍ തുടരുകയും ചെയ്യും. 

കഴിഞ്ഞ കാലത്തിലേത് പോലെ നമ്മുടെ ജനാധിപത്യം സുഖകരമല്ല, സാമ്പത്തിക വളര്‍ച്ചയും കൃത്യതയില്ലാത്തതാണ്. ഇത് മധ്യവര്‍ഗ്ഗക്കാരുടെ ജീവിതത്തെയാണ് പ്രധാനമായി ബാധിക്കുക. 20,670 പൗണ്ട് മുതല്‍ 55,120 പൗണ്ട് വരെ ശമ്പളം നേടുന്ന വിഭാഗക്കാരെയാണ് ഒഇസിഡി മധ്യവര്‍ഗ്ഗത്തില്‍ പെടുത്തിയിരിക്കുന്നത്. ലോകത്തെ പുരോഗമനം നേടിയ മറ്റ് ജനാധിപത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഏറ്റവും വളര്‍ച്ച നേടിയ രാജ്യങ്ങളിലെ മധ്യനിരക്കാര്‍ ബ്രിട്ടനേക്കാള്‍ മുന്നിലാണ് വരുമാനം നേടി കുതിക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് ഇത്. വാര്‍ഷിക വരുമാനത്തില്‍ വരുന്ന വര്‍ദ്ധനവ് കേവലം 0.3 ശതമാനം മാത്രമാണ്. 1990-കളിലും, 2000-ന്റെ മധ്യത്തിലും ഇത് 1.6 ശതമാനമായിരുന്നു. സ്വകാര്യ ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ പണപ്പെരുത്തിനും മുകളിലാണ് നില്‍ക്കുന്നത്. വരുമാനം വര്‍ദ്ധിക്കാതെ മറ്റ് ചെലവുകള്‍ വര്‍ദ്ധിക്കുന്നതാണ് ഈ പ്രശ്‌നത്തിലേക്ക് നയിക്കുന്നതെന്ന് ചുരുക്കം.  




കൂടുതല്‍വാര്‍ത്തകള്‍.