കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ രാഹുല്‍ പ്രസംഗിക്കും.
രാവിലെ 9 മണിയോടെ തിരുനെല്ലി യുപി സ്കൂള്‍ പരിസരത്ത് ഹെലികോപ്ടര്‍ ഇറങ്ങുന്ന രാഹുല്‍ റോഡ് മാര്‍ഗമാണ് ക്ഷേത്രത്തിലെത്തും. പാപനാശിനിയില്‍ പിതൃകര്‍മം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദര്‍ശനം.
ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കര്‍ശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തുന്നുണ്ട്.
1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു.