CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 38 Minutes 40 Seconds Ago
Breaking Now

നരേന്ദ്ര മോദിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ആരാണ്? രാഹുല്‍ ഗാന്ധിയാണോയെന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ

'ഒരു തീരുമാനം എടുക്കും മുന്‍പ് സാധാരണക്കാരനെക്കുറിച്ച് ചിന്തിക്കണമെന്ന മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാടില്‍ ഞാന്‍ വിശ്വസിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വാളുയര്‍ത്തിയാണ് പ്രതിപക്ഷം ഒരുമിക്കുന്നത്. മോദിയുടെ ഭരണം തീരെ പോരെന്ന നിലപാട് പങ്കുവെയ്ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറുവശത്ത് ഒരുമിച്ച് കൈകോര്‍ത്ത് നില്‍ക്കുന്നു. പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ച് എല്ലാ വശങ്ങളില്‍ നിന്നും എതിര്‍ രാഷ്ട്രീയക്കാര്‍ അക്രമണം കനപ്പിക്കുന്നുമുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ പോന്ന വ്യക്തി ആരാണ്? ഈ ചോദ്യമാണ് കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രധാനമന്ത്രിക്ക് നേരെ ഉയര്‍ന്നത്. 

ഈ ചോദ്യത്തിന് പ്രധാനമന്ത്രി മോദി മറുപടിയും നല്‍കി. 'മോദി തന്നെയാണ് മോദിയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്', ഇതായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഏറ്റവും വലിയ വെല്ലുവിളി ആകുന്നുണ്ടോയെന്ന ചോദ്യത്തിനാണ് ഈ പ്രതികരണം. 'മോദിക്ക് ഏറ്റവും വലിയ വെല്ലുവിളി മോദി തന്നെയാണ്. ലോകത്തെ ഒരുമിപ്പിക്കാന്‍ എനിക്ക് സാധിച്ചു. ഞാന്‍ എപ്പോഴും സ്വയം വെല്ലുവിളിക്കാറുണ്ട്. രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്, ഞാനാണ് എന്റെ ഏറ്റവും വലിയ വെല്ലുവിളി', പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമുഖത്തില്‍ പറഞ്ഞു. 

ഇന്ത്യയിലെ സാധാരണ പ്രശ്‌നങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് വേണ്ടി സര്‍ക്കാരിനെ നയിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്, അല്ലാതെ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല. ബിജെപി സര്‍ക്കാരിന്റെ അജണ്ട വികസനമാണെന്നും അഴിമതി അല്ലെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഒരു തീരുമാനം എടുക്കും മുന്‍പ് സാധാരണക്കാരനെക്കുറിച്ച് ചിന്തിക്കണമെന്ന മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാടില്‍ ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസ്യത വര്‍ദ്ധിക്കുകയും, അഴിമതി കുറയുകയുമാണ്. ഇക്കുറി ഞങ്ങള്‍ കൂടുതല്‍ വോട്ട് നേടി വിജയിക്കും. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഞങ്ങളുടെ വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും', പ്രധാനമന്ത്രി വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.