ദില്ലിയില്‍ കവര്‍ച്ചാ സംഘം ട്രെയിനില്‍ നിന്ന് തള്ളിയിട്ട മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് സംസ്ക്കരിക്കും. പുലര്‍ച്ചയോടെ ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. കുടുംബത്തിനൊപ്പം ഹരിദ്വാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോ. തുളസിയുടെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാന്‍ ചിലര്‍ ശ്രമിക്കുകയായിരുന്നു. സ്റ്റേഷന് അടുത്തെത്താന്‍ ആയതിനാല്‍ വാതിലിന് സമീപമാണ് തുളസി നിന്നിരുന്നത്. മോഷ്ടാക്കള്‍ ബാഗ് വലിച്ച് ഓടിയപ്പോള്‍ തുളസി താഴെ വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിലായിരുന്നു മരണം. ഈ സമയം ഭര്‍ത്താവും മകളുമുള്‍പ്പെടെയുള്ളവര്‍ കംപാര്‍ട്മെന്റില്‍ ഉണ്ടായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച് വൈകീട്ട് സംസ്ക്കരിക്കും.
മകള്‍ കാര്‍ത്തികയോടൊപ്പം വിഷു ആഘോഷിക്കാനാണ് തുളസിയും കുടുംബവും കഴിഞ്ഞയാഴ്ച ദില്ലിയിലേക്ക് പോയത്. ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച രുദ്രകുമാറാണ് ഡോക്ടര്‍ തുളസിയുടെ ഭര്‍ത്താവ്.