അവശ്യഘട്ടങ്ങളില്‍ മുന്‍പിന്‍ നോക്കാതെ പ്രവര്‍ത്തിക്കാന്‍ എല്ലാവര്ക്കും മനസ്സുണ്ടാകില്ല. ഒരു അപകടം നടന്നാല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി രസിക്കുന്നവര്‍ പലപ്പോഴും ഇരകളെ ആശുപത്രികളില്‍ എത്തിക്കാന്‍ പോലും മറക്കാറുണ്ട്. അത് ചെയ്യാന്‍ പോലീസോ, ആംബുലന്‍സ് സംഘമോ വരട്ടെയെന്ന് കരുതി കാത്തിരുന്ന് നഷ്ടപ്പെടുത്തുന്ന സമയം ചിലപ്പോള്‍ ഇവരുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കാറുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോളിംഗ് സ്റ്റേഷനില്‍ ഹൃദയാഘാതം നേരിട്ട പ്രിസൈഡിംഗ് ഓഫീസറെ സഹായിക്കാന്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്‍ഡ്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ജവാന് ഓടിയെത്തുകയായിരുന്നു. സിആര്‍പിഎഫ് ജവാന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കശ്മീരി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ജീവന് രക്ഷപ്പെട്ടത്.
പ്രിസൈഡിംഗ് ഓഫീസര്‍ അഹ്സാന് ഉള് ഹഖിനാണ് ഹൃദയാഘാതം നേരിട്ടത്. ഈ ബൂത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് സുരീന്ദര്‍ കുമാര്‍ ഫോണ്‍ വഴി തന്റെ യൂണിറ്റിലെ ഡോക്ടര്‍ സുനീമിന്റെ സഹായം തേടുകയായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കുമാര്‍ ഹഖിന് സിപിആര്‍ നല്കി.
50 മിനിറ്റുകള്‍ക്ക് ശേഷം ആംബുലന്‍സ് എത്തുന്നത് വരെ മറ്റ് ഫസ്റ്റ് എയ്ഡുകളും ജവാന് നല്കി. കുമാറിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഓഫീസറുടെ വിലയേറിയ ജീവന് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.