Breaking Now

ലൈംഗിക പീഡനം അറിഞ്ഞാല്‍ സഭാ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം; പോലീസിനെ അറിയിക്കേണ്ടെന്ന് പോപ്പ് ഫ്രാന്‍സിസ്

ആരോപണങ്ങളില്‍ ബിഷപ്പ്, കര്‍ദിനാള്‍, റിലീജ്യസ് സുപ്പീരിയര്‍ എന്നിവര്‍ വന്നാല്‍ നടത്തേണ്ട പ്രാഥമിക അന്വേഷണങ്ങളെക്കുറിച്ചും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു

കത്തോലിക്കാ പുരോഹിതന്‍മാരും, കന്യാസ്ത്രീകളും ലൈംഗിക പീഡനം നേരിടുകയും, ഇതില്‍ സുപ്പീരിയേഴ്‌സ് നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്താലും പോലീസിനെ വിവരം അറിയിക്കേണ്ടെന്ന് പോപ്പ് ഫ്രാന്‍സിസ്. നടപടി ഉണ്ടാകാത്ത പക്ഷം ഇതിന് മുകളിലുള്ള സഭാ അധികൃതരെ കാര്യങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട പുതിയ നിയമം പോപ്പ് പുറത്തിറക്കി. സഭയിലെ കുഞ്ഞാടുകളെ സംരക്ഷിക്കാന്‍ കത്തോലിക്കാ മേലധികാരികള്‍ പരാജയപ്പെട്ടാല്‍ ഇവര്‍ക്ക് കൂടി ഉത്തരവാദിത്വം നല്‍കാനാണ് പുതിയ നിയമം ശ്രമിക്കുന്നത്. 

ഈ പ്രഖ്യാപനം മുന്നോട്ടുള്ള നീക്കമാണെങ്കിലും പര്യാപ്തമല്ലെന്ന് പീഡനത്തിന് ഇരകളായവരും, ഇവര്‍ക്കായി വാദിക്കുന്നവരും ചൂണ്ടിക്കാണിക്കുന്നു. പോലീസില്‍ വിവരം അറിയിക്കേണ്ടെന്നത് വീഴ്ചയാണ്. പുതിയ നിയമപ്രകാരം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കും. അവകാശവാദങ്ങള്‍ രഹസ്യമായി സ്വീകരിക്കാന്‍ ലോകത്തിലെ എല്ലാ അതിരൂപതകളും നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും നിയമം അനുശാസിക്കുന്നു. 

ആരോപണങ്ങളില്‍ ബിഷപ്പ്, കര്‍ദിനാള്‍, റിലീജ്യസ് സുപ്പീരിയര്‍ എന്നിവര്‍ വന്നാല്‍ നടത്തേണ്ട പ്രാഥമിക അന്വേഷണങ്ങളെക്കുറിച്ചും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. ആഗോള തലത്തില്‍ തന്നെ സഭയ്ക്കുള്ളില്‍ പീഡനങ്ങള്‍ നടക്കുന്നതും, ഒളിപ്പിക്കലും പതിവായതോടെയാണ് പോപ്പിന്റെ ഈ ശ്രമങ്ങള്‍. പുരോഹിത സമ്പ്രദായത്തെക്കുറിച്ച് ആരോപണങ്ങള്‍ കടുത്തതോടെയാണ് പോപ്പ് ഇതില്‍ ഇടപെടുന്നത്. 

വിവിധ രാജ്യങ്ങളില്‍ നിയമങ്ങള്‍ വ്യത്യസ്തമായതിനാലാണ് പോലീസില്‍ വിവരം അറിയിക്കണമെന്ന് അനുശാസിക്കാന്‍ പോപ്പ് തയ്യാറാകാത്തതെന്നാണ് വിവരം. ആഗോള സഭാ നിയമപ്രകാരം ഒരു പുരോഹിതന്‍ താമസിക്കുന്ന രാജ്യത്തെ നിയമം അനുസരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 

ലോകത്തിലെ 415,000 കത്തോലിക്കാ പുരോഹിതന്‍മാര്‍, 660,000 കന്യാസ്ത്രീകള്‍ എന്നിവര്‍ ഏതെങ്കിലും പുരോഹിതന്‍, കന്യാസ്ത്രീ എന്നിവര്‍ ലൈംഗിക ചൂഷണം നടത്തുകയോ, കുട്ടിപ്പീഡന ദൃശ്യങ്ങള്‍ സൂക്ഷിക്കുകയോ, ഏതെങ്കിലും സുപ്പീരിയേഴ്‌സ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഒളിപ്പിക്കുന്നതായോ അറിഞ്ഞാല്‍ സഭാ മേലധികാരികളെ വിവരം അറിയിക്കാനാണ് നിയമം ആവശ്യപ്പെടുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.