Breaking Now

പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ എഞ്ചിന്‍ ഓഫാക്കിയില്ലെങ്കില്‍ ഇനി ഓണ്‍-സ്‌പോട്ട് പിഴ അടയ്ക്കണം; മലിനീകരണം കുറയ്ക്കാന്‍ കൗണ്‍സിലുകള്‍ക്ക് പുതിയ അധികാരം വരുന്നു; ഡ്രൈവര്‍മാര്‍ നന്നാകുമോ?

നയം മാറുന്നതോടെ ഓണ്‍-സ്‌പോട്ട് ഫൈനുകള്‍ നല്‍കാന്‍ കൗണ്‍സിലുകള്‍ മത്സരിക്കുമെന്നാണ് ആശങ്ക

വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈലില്‍ ഒരു കോള്‍ വരുന്നു. സ്വാഭാവികമായി നിയമം തെറ്റിച്ച് യാത്രയില്‍ തന്നെ പലരും മൊബൈല്‍ ഉപയോഗിക്കും. മറ്റ് ചിലരാകട്ടെ വാഹനം ഒതുക്കി നിര്‍ത്തി ഫോണില്‍ സംസാരിച്ച ശേഷം യാത്ര തുടരും. ഇങ്ങനെ സംസാരിക്കാനായി കാര്‍ ഒതുക്കി നിര്‍ത്തുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യാറുണ്ടോ? എന്തിന് ഓഫാക്കണം, ഇനിയും യാത്ര ചെയ്യേണ്ടതല്ലേയെന്നാണ് ചോദ്യമെങ്കില്‍, അറിഞ്ഞോളൂ ഇത് നിങ്ങള്‍ക്ക് ഓണ്‍-സ്‌പോട്ട് ഫൈന്‍ നേടിത്തന്നേക്കാം. 

നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നുമുള്ള മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരുങ്ങുന്ന പദ്ധതികളിലാണ് ഈ പുതിയ നിയമം ഉള്‍പ്പെടുന്നത്. പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ എഞ്ചിന്‍ ഓഫാക്കാത്ത പക്ഷം ഡ്രൈവര്‍മാരില്‍ നിന്നും ഉടന്‍ ഫൈന്‍ ഈടാക്കാമെന്നാണ് നയം. പദ്ധതികള്‍ക്ക് എന്‍വയോണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് സജീവ പിന്തുണ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും വരുന്ന മലിനീകരണം തടയാന്‍ കൗണ്‍സിലുകള്‍ക്ക് ശക്തമായ അധികാരങ്ങള്‍ ഇതുവഴി നല്‍കാമെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്. 

നിലവില്‍ മുന്നറിയിപ്പ് ലംഘിച്ച് എഞ്ചിന്‍ ഒരു മിനിറ്റില്‍ കൂടുതല്‍ ഓഫാക്കാതെ വെച്ചാല്‍ ഡ്രൈവര്‍മാര്‍ 20 പൗണ്ട് മുതല്‍ 80 പൗണ്ട് വരെ പിഴ നല്‍കണം. സൂപ്പര്‍മാര്‍ക്കറ്റ് ഡെലിവറി വാനുകള്‍ നഗരത്തില്‍ നാലക്ക പിഴയാണ് അടയ്‌ക്കേണ്ടി വരിക. ചലനത്തിലുള്ള വാഹനത്തേക്കാള്‍ ഉയര്‍ന്ന പുക മലിനീകരണമാണ് എഞ്ചിന്‍ ഓഫാക്കാതെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും പുറത്തുവരിക. കഴിഞ്ഞ വര്‍ഷം വെസ്റ്റിമിന്‍സ്റ്റര്‍ സിറ്റി കൗണ്‍സില്‍ ഇത്തരം 20 ഫൈനുകള്‍ അടപ്പിച്ചപ്പോള്‍ ലണ്ടന്‍, കാംഡെന്‍, ക്രോയ്ഡണ്‍, റീഡിംഗ്, നോര്‍വിച്ച്, കാന്റര്‍ബറി എന്നിവിടങ്ങള്‍ ഒരു പിഴ പോലും ഈടാക്കിയില്ല. 

എന്നാല്‍ നയം മാറുന്നതോടെ ഓണ്‍-സ്‌പോട്ട് ഫൈനുകള്‍ നല്‍കാന്‍ കൗണ്‍സിലുകള്‍ മത്സരിക്കുമെന്നാണ് ആശങ്ക. ഇതോടെ ഡ്രൈവര്‍മാര്‍ വാഹനം ഒതുക്കുമ്പോള്‍ കുറച്ച് ശ്രദ്ധ പുലര്‍ത്തേണ്ടിയും വരും. 




കൂടുതല്‍വാര്‍ത്തകള്‍.