Breaking Now

ചൈനക്കാര്‍ക്ക് പാക് പെണ്‍കുട്ടികളെ ഇത്രയും പ്രിയമോ? വിവാഹങ്ങളുടെ എണ്ണമേറിയതോടെ സംശയം; വിസകള്‍ റദ്ദാക്കി ചൈന

വിവാഹത്തിന്റെ പേരില്‍ പാക് പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചൈനയിലെ പാകിസ്ഥാനി പെണ്‍കുട്ടികളെ മനുഷ്യക്കടത്തിന് വിധേയമാക്കുന്നതായി വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് 90 പാക് നവവധുമാരുടെ വിസ അപേക്ഷ തടഞ്ഞുവെച്ച് ചൈനീസ് എംബസി. വ്യാജ വിവാഹം നടത്തിയ ശേഷമാണ് പാക് പെണ്‍കുട്ടികളെ ഈ വിധം ചൈനയിലേക്ക് എത്തിക്കുന്നതെന്നാണ് ആരോപണം. തങ്ങളുടെ പാക് വധുമാര്‍ക്കായി ചൈനീസ് പൗരന്‍മാര്‍ ഈ വര്‍ഷം 140 അപേക്ഷകളാണ് നല്‍കിയതെന്ന് പാകിസ്ഥാനിലെ ചൈന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ലിജിയന്‍ സാവോ പറഞ്ഞു. 

ഇതില്‍ 50 വിസകള്‍ മാത്രമാണ് അനുവദിച്ചതെന്ന് സാവോ പറഞ്ഞു. മറ്റുള്ള അപേക്ഷ തടഞ്ഞുവെച്ചിരിക്കുകയാണ്. 2018ല്‍ എംബസിക്ക് ഇത്തരം 142 അപേക്ഷകള്‍ ലഭിച്ചെന്നും ലിജിയന്‍ സാവോ വ്യക്തമാക്കി. വിവാഹത്തിന്റെ പേരില്‍ പാക് പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

പ്രദേശത്തെ പാവപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് പണവും, മെച്ചപ്പെട്ട ജീവിതവും വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ വിവാഹ ബ്യൂറോകള്‍ വലയിലാക്കുന്നത്. പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന ചൈനക്കാരെയാണ് ഇവര്‍ വിവാഹം ചെയ്യുക. ഇത്തരം കേന്ദ്രങ്ങള്‍ മതം തെളിയിക്കാന്‍ വ്യാജ രേഖയും നിര്‍മ്മിക്കും. 

എന്നാല്‍ മനുഷ്യക്കടത്തിന് വിധേയമാകുന്ന ഈ സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടും. പൊടുന്നനെയുള്ള വിവാഹങ്ങളുടെ ബാഹുല്യമാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ലിജിയന്‍ സാവോ പറഞ്ഞു. ചൈനീസ് ബിസിനസ്സുകാരുടെ വിസാ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അദ്ദേഹം പാക് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.