Breaking Now

ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് വീട്ടിലെത്തിച്ചു; രണ്ടാഴ്ച കഴിഞ്ഞ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെ ലൈംഗിക പീഡനത്തിന് ഇരയായെന്ന് തിരിച്ചറിഞ്ഞ് യുവതി; ഡിഎന്‍എ പരിശോധനയില്‍ പ്രതി കുടുങ്ങി

നൈറ്റ് ക്ലബില്‍ നിന്നും ഇര ലക്കുകെട്ട് സഹായത്തോടെയാണ് പുറത്തുപോയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിവ് നല്‍കി

ഒരു നൈറ്റ് ഔട്ടിന് ശേഷം താന്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഗര്‍ഭിണിയായപ്പോള്‍ തിരിച്ചറിഞ്ഞ യുവതി ഞെട്ടലില്‍. പാര്‍ട്ടി ആഘോഷം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് യുവതി മനസ്സിലാക്കുന്നത്. പാര്‍ട്ടി കഴിഞ്ഞ് വീട്ടില്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ കണ്‍ഷ്യൂഷനും, ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നതായും ഇര പറഞ്ഞു. 

മാനുവല്‍ ഓഗ്വിലാര്‍ എന്ന 24-കാരനാണ് തന്നെ വീട്ടിലെത്തിച്ചതെന്ന് ജഴ്‌സി റോയല്‍ കോടതി വിചാരണയില്‍ ഇവര്‍ വ്യക്തമാക്കി. ഒന്നും സംഭവിച്ചില്ലെന്ന് പറഞ്ഞാണ് വീട്ടിലെത്തിച്ചത്. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം പ്രഗ്നന്‍സി ടെസ്റ്റില്‍ താന്‍ ഗര്‍ഭിണിയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. യുവതി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. പീഡനം നടത്തിയിട്ടില്ലെന്ന് വാദിച്ചെങ്കിലും ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയില്‍ ഓഗ്വിലാര്‍ കുരുങ്ങി. 

ജഴ്‌സിയിലെ സെന്റ് ഹെലിയറിലാണ് യുവതി സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ് ഔട്ടിന് പോയത്. ഈ സമയത്ത് ക്ലബിലെത്തിയ ഓഗ്വിലാര്‍ യുവതിക്ക് മദ്യം ഓഫര്‍ ചെയ്തു. ഇതോടൊപ്പം ഒരു ബോട്ടില്‍ ഷാംപെയിനും ഇയാള്‍ വാങ്ങി. നൈറ്റ് ക്ലബില്‍ നിന്നും ഇര ലക്കുകെട്ട് സഹായത്തോടെയാണ് പുറത്തുപോയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിവ് നല്‍കി. മറ്റൊരു ക്ലിപ്പില്‍ പ്രതിയും, മറ്റൊരാളും പട്ടണത്തിലൂടെ യുവതിയെ കൊണ്ടുപോകുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 

ഇതിനിടെ മയങ്ങിവീണ യുവതിയെ സഹായിക്കാന്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും ചികിത്സ ആവശ്യമായി വന്നില്ല. ആരെങ്കിലും കൂടെ ഉണ്ടാകണമെന്ന് ഉപദേശിച്ച് പാരാമെഡിക്കുകള്‍ മടങ്ങി. താന്‍ യുവതിയെ വീട്ടിലെത്തിക്കാമെന്ന് ഏറ്റെടുത്ത് ഓഗ്വിലാര്‍ ഒപ്പം പോകുകയും ചെയ്തു. പുലര്‍ച്ചെ സംശയം തോന്നിയ യുവതി പ്രതിയോട് കാര്യം അന്വേഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ലെന്നായിരുന്നു മറുപടി. പിന്നീട് അസുഖം തോന്നിയ ഇര ക്ലിനിക്കില്‍ പരിശോധനയ്ക്ക് വിധേയമായപ്പോള്‍ നഴ്‌സാണ് പീഡനം നടന്നതായി സംശയം പ്രകടിപ്പിച്ചത്. കേസില്‍ വിചാരണ തുടരുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.