CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 53 Seconds Ago
Breaking Now

യുഡിഎഫിന് കേരളത്തില്‍ ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; ഭൂരിപക്ഷത്തില്‍ ലക്ഷങ്ങളുടെ മുന്നേറ്റം

കോണ്‍ഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിക്കാന്‍ പോന്ന തരത്തിലാണ് ഇക്കുറി കേരള ജനത വോട്ട് രേഖപ്പെടുത്തിയത്

കേരളത്തില്‍ മുന്‍പ് കേട്ടുപരിചയമില്ലാത്ത കാര്യമാണ് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന്റെ കളി. മുസ്ലീം ലീഗുകാര്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് വിജയിച്ചാല്‍ വലിയ അത്ഭുതമൊന്നും തോന്നാത്തവരാണ് കേരളീയര്‍. എന്നാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ കേരളത്തില്‍ ഫലങ്ങള്‍ നേരെ തിരിച്ചാണ്. പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷങ്ങളുടെ ഭൂരിപക്ഷം!

കോണ്‍ഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിക്കാന്‍ പോന്ന തരത്തിലാണ് ഇക്കുറി കേരള ജനത വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിന്റെ കണക്ക് മാത്രമാണ് ആദ്യം ചര്‍ച്ചകളില്‍ നിറഞ്ഞത്. ഈ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ രാഹുല്‍ ഗാന്ധി വയടാന് 3,09,147 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. എന്നാല്‍ രാഹുലിനെ കൂടാതെ ലക്ഷം ഭൂരിപക്ഷം നേടാന്‍ സാധ്യതയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയാണ്. 

2,44,742 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറിക്കൊണ്ട് കുഞ്ഞാലിക്കുട്ടി സാഹിബ് പ്രതീക്ഷ കാത്തു. എന്നാല്‍ യുഡിഎഫ് കേന്ദ്രങ്ങളുടെ അത്ഭുതം അവിടെയും അവസാനിച്ചില്ല. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനാണ് യുഡിഎഫിന് വേണ്ടി ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പിടിച്ച മറ്റൊരു താരം. 1,31,711 വോട്ടുകളാണ് പ്രേമചന്ദ്രന്റെ ഭൂരിപക്ഷം. 

കോട്ടയത്ത് തോമസ് ചാഴിക്കാടനും ക്ഷീണമില്ലാതെ മുന്നേറുന്ന കാഴ്ചയാണ്. 1,02,841 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇതുവരെ ചാഴിക്കാടന്‍ നേടിയത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് മറ്റൊരു അതിശയ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്, 1,71,050 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡീനുള്ളത്. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ എറണാകുലം മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ ഹൈബി ഈഡന്‍ 1,69,618 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. 

ചാലക്കുടിയില്‍ ബെന്നി ബെഹനാനും ലക്ഷത്തിന്റെ ഭൂരിപക്ഷം തന്നെ. 1,12,690 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാലക്കുടിക്കാര്‍ ബെഹനാന് സമ്മാനിച്ചത്. ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസാണ് മറ്റൊരു സൂപ്പര്‍താരം. 1,58,302 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആലത്തൂരിന്റെ പെങ്ങളൂട്ടിയെ തേടിയെത്തിയത്. പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് 1,63,569 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. 

ഭൂരിപക്ഷത്തില്‍ ലക്ഷങ്ങള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ഭരണപക്ഷമായ ഇടതുപക്ഷത്തോടൊപ്പം യുഡിഎഫും അമ്പരപ്പിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.