2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തില്‍ തെല്ലും അതിശയമില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി രംഗത്ത്. കോണ്‍ഗ്രസ് കേവലം 50 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം യുപിഎയ്ക്ക് 93 സീറ്റുകളില്‍ മാത്രം ലീഡ് എന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ദ്വിവേദി ഈ അഭിപ്രായം പറഞ്ഞത്.
17ാം ലോക്സഭയില്‍ ബിജെപി ഒറ്റയ്ക്ക് മുന്നൂറിലധികം സീറ്റുകള്‍ നേടാനും, 350 സീറ്റുകളെങ്കിലും നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തുകയും ചെയ്യുമെന്നതാണ് ഈ ഘട്ടത്തില്‍ എതിര്‍പക്ഷത്തെ സ്ഥിതി. പാര്‍ട്ടിയുടെ മോശം പ്രകടനത്തിലും, നാണംകെട്ട തോല്‍വിയിലും ഒട്ടും അത്ഭുതമില്ലെന്ന് മാത്രമാണ് ജനാര്‍ദ്ദന്‍ ദ്വിവേദി പ്രതികരിച്ചത്.
എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടിയുടെ തോല്‍വി സമ്മതിച്ചു. വിജയത്തില്‍ ബിജെപിയെ അഭിനന്ദിച്ച അദ്ദേഹം തോല്‍വിയില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നാണ് പ്രതികരിച്ചത്. 'എവിടെയാണ് തെറ്റിയതെന്ന് ചര്‍ച്ച ചെയ്യാനുള്ള ദിവസമല്ല ഇത്. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആകണമെന്ന് ജനങ്ങള്‍ വ്യക്തമായി തീരുമാനിച്ചിരിക്കുന്നു. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ആ തീരുമാനം അംഗീകരിക്കുന്നു', രാഹുല്‍ വ്യക്തമാക്കി.