CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 9 Seconds Ago
Breaking Now

ജൂണ്‍ വരും, മേയ് പോകും; കരഞ്ഞുകൊണ്ട് ആ പ്രഖ്യാപനം എത്തി; ബ്രക്‌സിറ്റ് പദ്ധതിയുടെ പേരിലെ പാളയത്തില്‍ പടയെ പേടിച്ച് തെരേസ മേയ് രാജി പ്രഖ്യാപിച്ചു; ടോറി നേതൃസ്ഥാനത്ത് നിന്നും ജൂണ്‍ 7-ന് വിടവാങ്ങും; ഇനി പുതിയ നേതാവിനെ കണ്ടെത്താനുള്ള അങ്കം

ഒത്തുതീര്‍പ്പ് എന്നത് ഒരു വൃത്തികെട്ട വാക്കല്ലെന്നും എല്ലാ പാര്‍ട്ടികളിലെയും തമ്മിലടിക്കുന്ന എംപിമാരെ അവര്‍ ഓര്‍മ്മിപ്പിച്ചു

ഒടുവില്‍ പാളയത്തിലെ പടയ്ക്ക് മുന്നില്‍ കിരീടവും, ചെങ്കോലും വെച്ച് കീഴടങ്ങി പിന്‍മാറ്റം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. കണ്ണീരണിഞ്ഞ് കൊണ്ടാണ് ജനഹിതം നടപ്പാക്കാനുള്ള പോരാട്ടം പാതിവഴിയിലാക്കി മേയ് തന്റെ മടക്കം പ്രഖ്യാപിച്ചത്. കണ്‍സര്‍വേറ്റീവ് നേതൃസ്ഥാനത്ത് നിന്നും ജൂണ്‍ 7 രാജിവെയ്ക്കുന്നതോടെ ഈ സ്ഥാനത്തിനായുള്ള പോരാട്ടം ആരംഭിക്കും. ജൂലൈ അവസാനത്തോടെയാകും ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക.

ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയ സര്‍ ഗ്രഹാം ബ്രാഡിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമതീയതി പ്രഖ്യാപനം നടത്തിയത്. 'എന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു. കരാറിന് പിന്തുണ നേടാന്‍ എംപിമാരെ പരമാവധി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ദുഃഖകരമെന്ന് പറയട്ടെ അതില്‍ വിജയിച്ചില്ല. ബ്രക്‌സിറ്റ് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നത് എന്നും എന്നില്‍ കുറ്റബോധം നിറയ്ക്കും', ഭര്‍ത്താവ് ഫിലിപ്പിനെ സാക്ഷിയാക്കി തെരേസ മേയ് പറഞ്ഞൊപ്പിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രി ആയത് ജീവിതത്തിലെ ബഹുമതിയായിരുന്നുവെന്ന് തെരേസ മേയ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നയിക്കുന്ന അവസാനത്തെ സ്ത്രീയായി താന്‍ മാറില്ലെന്നാണ് പ്രതീക്ഷ. ഒത്തുതീര്‍പ്പ് എന്നത് ഒരു വൃത്തികെട്ട വാക്കല്ലെന്നും എല്ലാ പാര്‍ട്ടികളിലെയും തമ്മിലടിക്കുന്ന എംപിമാരെ അവര്‍ ഓര്‍മ്മിപ്പിച്ചു. കോമണ്‍സില്‍ നാലാം വട്ടവും തന്റെ കരാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ വിമതനീക്കം നേരിട്ടതാണ് പ്രധാനമന്ത്രിയുടെ നാടകീയ പ്രഖ്യാപനങ്ങളിലേക്ക് നയിച്ചത്. ടോറി പാര്‍ട്ടിയില്‍ വന്‍തോതില്‍ ഉള്‍പ്പോര് രൂക്ഷമാകുകയും, ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് എംപിമാര്‍ അറിയിക്കുകയും ചെയ്തതോടെയാണ് മേയ് വിടവാങ്ങുന്നത്.

കഴിഞ്ഞ ദിവസം രാത്രി ബെര്‍ക്ഷയറില്‍ തന്റെ മണ്ഡലത്തിലെ വീട്ടില്‍ വിടവാങ്ങല്‍ തീരുമാനിക്കാന്‍ ഭര്‍ത്താവ് ഫിലിപ്പിനൊപ്പമായിരുന്നു പ്രധാനമന്ത്രി. തെരേസ മേയ് രാജിവെയ്ക്കുന്നതോടെ ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ കൂടുതല്‍ അവതാളത്തിലാകുമെന്നാണ് ആശങ്ക. ബോറിസ് ജോണ്‍സണ്‍ അടുത്ത പ്രധാനമന്ത്രിയാകും എന്നാണ് കരുതുന്നത്. ഇതോടൊപ്പം യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിഗല്‍ ഫരാഗിന്റെ ബ്രക്‌സിറ്റ് പാര്‍ട്ടി ഏകപക്ഷീയ വിജയം കരസ്ഥമാക്കുമെന്നും സര്‍വ്വെകള്‍ പറയുന്നു. 2016 ഹിതപരിശോധനാ ഫലം നടപ്പാക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാകാത്ത പക്ഷം ഒരു പൊതുതെരഞ്ഞെടുപ്പിന് തന്റെ പാര്‍ട്ടി ഒരുക്കമാണെന്ന് ഫരാഗ് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പാസാക്കാനുള്ള തെരേസ മേയുടെ നിര്‍ദ്ദേശങ്ങള്‍ ലേബര്‍ പാര്‍ട്ടി തള്ളിയതോടെയാണ് സഭയില്‍ മറ്റൊരു നാണക്കേട് ഒഴിവാക്കി അവര്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും തലയൂരുന്നത്. ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ ഉരുത്തിരിഞ്ഞ പല ആശയങ്ങളും സ്വന്തം പാര്‍ട്ടിക്കാരുടെ രോഷത്തിനും ഇടയാക്കി. പല മന്ത്രിമാരും രാജിവെയ്ക്കാനും ഒരുങ്ങിയതോടെയാണ് മേയുടെ കീഴടങ്ങല്‍. 




കൂടുതല്‍വാര്‍ത്തകള്‍.