CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 54 Seconds Ago
Breaking Now

അസ്തമിക്കുന്നില്ല മരിയയുടെ ഓര്‍മ്മകള്‍; സ്‌റ്റോണ്‍ഹെഞ്ചിലെ സൂര്യോദയം കാണാന്‍ 47 മൈല്‍ ഓടിയെത്തുന്ന ഇംഗ്ലീഷുകാരന്‍ കെവിന്‍ ഓടുന്നത് ഒരു മലയാളി നഴ്‌സിന്റെ സ്മരണ പുതുക്കാന്‍; യോവില്‍ ഹോസ്പിറ്റല്‍ ചാരിറ്റി ഫണ്ട്‌റേസര്‍ മരിയാ-ത്തണിലേക്ക് മരിയയെയും, സജിയെയും അറിയുന്നവര്‍ക്ക് സ്വാഗതം

യോവില്‍ ഹോസ്പിറ്റലില്‍ ബ്രെസ്റ്റ് ക്യാന്‍സറിനായി പ്രത്യേക യൂണിറ്റ് നിര്‍മ്മിക്കാനായി 2 മില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങളിലാണ്‌ യോവില്‍ ഹോസ്പിറ്റല്‍ ചാരിറ്റി

മാരത്തണ്‍ ഓടുന്നത് പല കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ചിലര്‍ ആരോഗ്യത്തിന് വേണ്ടി ഓടുമ്പോള്‍ മറ്റു ചിലര്‍ ഇത് പണം കണ്ടെത്താന്‍ വിനിയോഗിക്കും. എന്നാല്‍ ഇംഗ്ലീഷുകാരന്‍ കെവിന്‍ ആസ്റ്റണ്‍ ജൂണ്‍ 20ന് വൈകുന്നേരം ഹയര്‍ കിംഗ്‌സ്റ്റണിലെ ഹോളി ഗോസ്റ്റ് ചര്‍ച്ചില്‍ നിന്നും 47 മൈല്‍ ദൈര്‍ഘ്യമുള്ള മാരത്തണിന് അഥവാ മരിയാ-ത്തണിന് തുടക്കം കുറിയ്ക്കുന്നത് ഒരു അകാലത്തില്‍ മരണം കവര്‍ന്ന ഒരു മലയാളി നഴ്‌സിന്റെ സ്മരണ പുതുക്കാനാണ്! 

യോവില്‍ ഡിസ്ട്രിക്ട് ആശുപത്രിയില്‍ നഴ്‌സായിരുന്ന മരിയ ജോര്‍ജ്ജിന്റെ് സ്മരണകള്‍ ഒരിക്കലും അസ്തമിക്കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കാനാണ് ഈ 47 മൈല്‍ ദൈര്‍ഘ്യമുള്ള വെല്ലുവിളി 36-കാരനായ കെവിന്‍ ആസ്റ്റണ്‍ ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ പൗരാണിക സ്മാരകമായ സ്റ്റോണ്‍ഹെഞ്ചില്‍ സൂര്യോദയം കണ്ടുകൊണ്ടാകും കെവിന്‍ തന്റെ മാരത്തണ്‍ ഓട്ടം പൂര്‍ത്തിയാക്കുക. മരിയയെ പരിചയമുള്ള എല്ലാവരെയും തന്റെ മാരത്തണ്‍ ഓട്ടത്തിന് ശുഭാരംഭം കുറിയ്ക്കാന്‍ കെവിന്‍ സ്വാഗതം ചെയ്യുന്നു. ഡോര്‍സെറ്റ് ഷാഫ്റ്റ്‌സ്ബറിയില്‍ നിന്നുമുള്ള കെവിന്‍ ആസ്റ്റണ്‍ പങ്കാളി മിക, മക്കളായ ഫിന്‍ലി (6), ജോര്‍ജ്ജിന (2) എന്നിവര്‍ക്കൊപ്പമാണ് താമസം.

കുറവിലങ്ങാട് കാട്ടാര്‍പതിയില്‍ സജിയെന്ന ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യയാണ് അന്തരിച്ച മരിയ ജോര്‍ജ്ജ്. അലീന, അല്‍വിന, അല്‍ബ എന്നിവരാണ് മരിയ, സജി ദമ്പതികളുടെ മക്കള്‍. രോഗത്തോട് മല്ലിടുമ്പോഴും താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ രോഗികള്‍ക്ക് മുന്നില്‍ തന്റെ വേദനകള്‍ മരിയ മറച്ചുവെച്ചു. മരിയ സേവനം നല്‍കിയ യോവില്‍ ഹോസ്പിറ്റലിന് വേണ്ടി ഫണ്ട്‌റെയ്‌സര്‍ നടത്താനുള്ള തീരുമാനം അതുകൊണ്ട് തന്നെ ഏറ്റവും ഉചിതമാണെന്ന് കെവിന്‍ കൂട്ടിച്ചേര്‍ക്കുന്നു. 'ഡിസംബറിലാണ് എന്റെ സുഹൃത്ത് സജിയുടെ ഭാര്യ മരിയയുടെ വിയോഗം സംഭവിക്കുന്നത്. മരിയയുടെ ഭര്‍ത്താവിനോട് സംസാരിച്ച ശേഷമാണ് അവരുടെ സ്മരണ പുതുക്കിക്കൊണ്ട് ഇത്തരമൊരു അര്‍ത്ഥവത്തായ വെല്ലുവിളി ഏറ്റെടുത്താന്‍ തീരുമാനിച്ചത്', കെവിന്‍ പറയുന്നു. 

യോവില്‍ ഹോസ്പിറ്റലില്‍ ബ്രെസ്റ്റ് ക്യാന്‍സറിനായി പ്രത്യേക യൂണിറ്റ് നിര്‍മ്മിക്കാനായി 2 മില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങളാണ് യോവില്‍ ഹോസ്പിറ്റല്‍ ചാരിറ്റി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മരിയയ്ക്ക് വേണ്ടിയുള്ള കെവിന്റെ മാരത്തണില്‍ നിന്നും സ്വരൂപിക്കുന്ന തുക ഈ മഹത്തായ പ്രവര്‍ത്തനത്തിലേക്കാകും കൈമാറുക. രോഗബാധിതമായ അവസ്ഥയിലും രോഗികള്‍ക്കായി സേവനം നല്‍കാന്‍ മരിയ കാണിച്ച മനസ്സിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിയുമ്പോഴാണ് തന്റെ പരിശ്രമത്തിന് അര്‍ത്ഥമുണ്ടാകുന്നതെന്ന് ഈ ഇംഗ്ലീഷുകാരന്‍ പറയുന്നു. 

മരിയാ-തണ്‍ എന്ന പേരില്‍ കെവിന്‍ ഏറ്റെടുത്ത വെല്ലുവിളിക്ക് യോവില്‍ ഹോസ്പിറ്റല്‍ ചാരിറ്റി കമ്മ്യൂണിറ്റി ഫണ്ട്‌റെയ്‌സര്‍ സാറാ ചെറി നന്ദി പറഞ്ഞു. '47 മൈല്‍ എന്നത് ചെറിയ വെല്ലുവിളിയല്ല. എന്നാല്‍ മരിയയ്ക്ക് വേണ്ടി കെവിന്‍ വെല്ലുവിളികള്‍ എല്ലാം മറികടക്കുമെന്ന് ഉറപ്പാണ്. യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റില്‍ ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിയാണ് മരിയ. അതുകൊണ്ട് ഈ ഫണ്ട്‌റെയ്‌സിംഗില്‍ ലഭിക്കുന്ന സഹായങ്ങള്‍ വലുതാണ്', സാറാ ചെറി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.