CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 14 Seconds Ago
Breaking Now

തുടങ്ങിയിട്ട് വെറും ആറാഴ്ച, യൂറോ തെരഞ്ഞെടുപ്പില്‍ ലോട്ടറി അടിച്ച് ബ്രക്‌സിറ്റ് പാര്‍ട്ടി; ബ്രിട്ടീഷ് രാഷ്ട്രീയക്കാരുടെ ബ്രക്‌സിറ്റ് പരാജയത്തില്‍ ആഞ്ഞടിച്ച് വോട്ടര്‍മാര്‍; നിഗല്‍ ഫരാഗിന്റെ 28 എംഇപിമാര്‍ വിജയത്തേരിലേറി; സ്ഥിരം രാഷ്ട്രീയക്കാര്‍ക്ക് മുന്നറിയിപ്പ്

ടോറികള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്

പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചിട്ട് വെറും ആറാഴ്ച. ഈ ദിവസങ്ങള്‍ കൊണ്ട് ഒരു പാര്‍ട്ടിക്കും അതിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കും എന്ത് നേട്ടം ഉണ്ടാക്കാനാകും? വെറുതെ മത്സരിച്ച് സമയം കളയാമെന്നാണ് ചിന്തയെങ്കില്‍ നിഗല്‍ ഫരാഗിന്റെ ബ്രക്‌സിറ്റ് പാര്‍ട്ടി ഇതിനൊരു അപവാദമാകും. ടോറികളെയും, ലേബറുകാരെയും നാണംകെടുത്തി കൊണ്ടാണ് ബ്രക്‌സിറ്റില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമാക്കി യൂറോ തെരഞ്ഞെടുപ്പില്‍ വിജയത്തേരിലേറിയത്. ചുരുങ്ങിയത് 28 എംപിഇപിമാരെയാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് ജനം അംഗീകരിച്ച് വിജയിപ്പിച്ചത്. 

രണ്ടാം ഹിതപരിശോധനയ്ക്ക് പകരമുള്ള വോട്ടായി വോട്ടര്‍മാര്‍ ഈ അവസരത്തെ വിനിയോഗിച്ചെന്നാണ് കരുതുന്നത്. ടോറികള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഗ്രീന്‍സിന് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനം. അതേസമയം പ്രതിപക്ഷത്തിനും ആശ്വസിക്കാന്‍ ജനം വക നല്‍കിയില്ല. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനമാണ് ജെറമി കോര്‍ബിന്റെ പാര്‍ട്ടിക്ക് ലഭിച്ചത്. ലണ്ടനിലെയും, വെയില്‍സിലെയും ശക്തികേന്ദ്രങ്ങളില്‍ പോലും ഇവരുടെ വോട്ട് ചോര്‍ന്നു. 

ടോറി പാര്‍ട്ടിക്ക് നേരിട്ട തകര്‍ച്ചയെ മുന്‍നിര്‍ത്തി നേതൃസ്ഥാനം പിടിക്കാന്‍ മുന്‍നിരയിലുള്ള ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തി. ഒക്ടോബര്‍ 31ന് രാജ്യത്തെ ഇയുവില്‍ നിന്നും പുറത്തിറക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. വേദനാജനകമായ ഫലമാണ് യൂറോ തെരഞ്ഞെടുപ്പ് കാത്തുവെച്ചതെന്ന് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സൗത്ത് ഈസ്റ്റില്‍ നിന്നും വീണ്ടും എംഇപിയായി തെരഞ്ഞെടുക്കപ്പെട്ട നിഗല്‍ ഫരാഗ് ഈ വിജയം വെസ്റ്റ്മിന്‍സ്റ്ററിലുള്ളവര്‍ക്കുള്ള സന്ദേശമാണെന്ന് ചൂണ്ടിക്കാണിച്ചു. 'ഇനിയെങ്കിലും അവര്‍ കേള്‍ക്കുമോ? ആറാഴ്ച മുന്‍പ് മാത്രം രൂപീകരിച്ച പാര്‍ട്ടി ദേശീയ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ആദ്യമാണ്. കാരണം എല്ലാവര്‍ക്കും അറിയാം. പുറത്ത് പോകാനുള്ള ഹിതപരിശോധന. മാര്‍ച്ച് 29ന് കാര്യം നടപ്പാക്കേണ്ടിയിരുന്നിട്ടും അത് സംഭവിച്ചില്ല', ഫരാഗ് പ്രഖ്യാപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.