Breaking Now

നാലാഴ്ച പ്രായമുള്ള മകനുമായി നൈറ്റ്ക്ലബില്‍; കുടിച്ച് പൂസായി കിടന്നുറങ്ങിയത് മകന്റെ ദേഹത്ത്; ഹൃദയാഘാതം വന്ന് കുഞ്ഞ് മരിച്ച കേസില്‍ 26-കാരി അമ്മയ്ക്ക് രണ്ട് വര്‍ഷവും, നാല് മാസവും ജയില്‍ശിക്ഷ

കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മറന്നതാണ് കുഴപ്പമായതെന്ന് ജഡ്ജ്

ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞുമായി നൈറ്റ്ക്ലബില്‍ പോയി കുടിച്ച് കൂത്താടാന്‍ ഏതെങ്കിലും അമ്മയ്ക്ക് സാധിക്കുമോ എന്ന ചോദ്യം ഇനി വേണ്ട. കാരണം 26-കാരി മാരിന ടില്‍ബി തെളിയിച്ച് കഴിഞ്ഞു അതിന് സാധിക്കുമെന്ന്. തന്റെ നാലാഴ്ച മാത്രം പ്രായമുണ്ടായിരുന്ന മകനെയും എടുത്താണ് ടില്‍ബി നൈറ്റ്ക്ലബിലേക്ക് വെച്ചുപിടിച്ചത്. ദുരന്തം അവിടെയും അവസാനിച്ചില്ല. മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങവെ കുഞ്ഞിന്റെ ദേഹത്ത് കയറികിടന്ന അമ്മ അതിന്റെ ജീവനും കവര്‍ന്നു. ഈ കേസില്‍ രണ്ട് വര്‍ഷവും, നാല് മാസവും ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. 

വെസ്റ്റ് വെയില്‍സ് ന്യൂ ക്വേയിലെ സീ ഹോഴ്‌സ് ഇന്നില്‍ സഹോദരിക്കൊപ്പമാണ് മാരിന ടില്‍ബി എത്തിയത്. ഇവിടെ വെച്ച് മദ്യപിച്ച ശേഷം കുഞ്ഞിനെ എറിഞ്ഞ് പിടിച്ച് രസിക്കുന്നതിന് ദൃക്‌സാക്ഷികളുണ്ട്. ഇതിന് ശേഷം കുഞ്ഞുമായി അടുത്തുള്ള കാരവാനിലേക്ക് പോയി. 2017 മാര്‍ച്ച് 31ന് വായില്‍ നിന്നും ചോര വന്ന നിലയിലാണ് അനക്കമറ്റ കുഞ്ഞിനെ അമ്മയ്ക്ക് അരികില്‍ കണ്ടെത്തിയതെന്ന് സ്വാന്‍സി ക്രൗണ്‍ കോടതിയില്‍ വിശദീകരിക്കപ്പെട്ടു. മദ്യപിച്ച് ലക്കുകെട്ട രാത്രിക്ക് ശേഷമായിരുന്നു സംഭവം. 

ടില്‍ബിയുടെ സഹോദരിയാണ് ഇവര്‍ കുഞ്ഞിന്റെ ദേഹത്ത് കമിഴ്ന്ന് കിടന്നുറങ്ങുന്നത് പിറ്റേന്ന് ശ്രദ്ധിച്ചത്. കുഞ്ഞിനെ ബോധം കെട്ടുറങ്ങുന്ന അമ്മയുടെ കീഴില്‍ നിന്നും പുറത്തെടുത്തപ്പോള്‍ മൂക്കില്‍ നിന്നും ചോര ഒഴുകിയിരുന്നു. മദ്യപിച്ചത് കൂടിപ്പോയതോടെ ടില്‍ബിയെ വിളിച്ചുണര്‍ത്താനുള്ള സഹോദരിയുടെ ശ്രമം വിജയിച്ചില്ല. ഇതോടെ കുഞ്ഞിനെ അടുത്തുള്ള ബ്രോംഗ്ലായിസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതമായി മദ്യപിച്ച് ബോധം പോയ അമ്മ ശരീരത്തില്‍ കിടന്ന് ഉറങ്ങിയതോടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 

കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മറന്നതാണ് കുഴപ്പമായതെന്ന് ജഡ്ജ് വ്യക്തമാക്കി. കുഞ്ഞിന് അപകടം പറ്റിയെന്ന് മനസ്സിലാക്കാന്‍ പോലും അമ്മയ്ക്ക് സാധിച്ചില്ല. ഇതോടെയാണ് ടില്‍ബിക്ക് കോടതി ശിക്ഷ വിധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.