Breaking Now

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ടൂര്‍ പോകാം; ചെലവ് വെറും 400 കോടി, ഒരു രാത്രി തങ്ങാന്‍ 24 ലക്ഷം രൂപ; റെഡിയാണോ?

ആദ്യ ടീം അടുത്ത വര്‍ഷം ആദ്യം യാത്ര പുറപ്പെടും

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തെക്കുറിച്ച് എല്ലാവരും കേട്ടിരിക്കും. ബഹിരാകാശ സഞ്ചാരികളും, ഗവേഷകരും തങ്ങുന്ന ആ സ്ഥലത്തേക്ക് ടൂര്‍ പോകാന്‍ അവസരമൊരുക്കുകയാണ് ഇപ്പോള്‍ നാഷണല്‍ എയ്‌റോനോട്ടിക്‌സ് & സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ). കറങ്ങിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ബഹിരാകാശത്തെ കേന്ദ്രം സ്വകാര്യ വ്യക്തികള്‍ക്ക് യാത്ര ചെയ്യാനും തങ്ങാനുമായി തുറന്നുകൊടുക്കുകയാണെന്ന് നാസ വ്യക്തമാക്കി. 

ഇതില്‍ ആദ്യ ടീം അടുത്ത വര്‍ഷം ആദ്യം യാത്ര പുറപ്പെടും. ഇതിന് എന്തൊക്കെ യോഗ്യത വേണമെന്നല്ലേ സംശയം! ആദ്യത്തെ കാര്യം പണം തന്നെ, ദൂരം അല്‍പ്പം കൂടുതലായതിനാല്‍ ചെലവും അല്‍പ്പം കൂടുതലാണ്. അവിടെ വരെ പോയി ഭൂമിയിലേക്ക് തിരിച്ചെത്താന്‍ വേണ്ടത് ഏകദേശം 58 മില്ല്യണ്‍ ഡോളര്‍, ഇന്ത്യയില്‍ രൂപയില്‍ 400 കോടി രൂപയോളം വരും ഈ ചെലവ്. 

ഇത്രയും ചെലവാക്കുന്നത് കൊണ്ട് ബഹിരാകാശ കേന്ദ്രത്തില്‍ ഫ്രീയായി താമസമൊന്നും കിട്ടില്ല. ഒരു രാത്രിക്ക് 35000 ഡോളര്‍, ഏകദേശം 24 ലക്ഷം രൂപയാണ് ഇതിന് ഫീസ്. 30 ദിവസം വരെ നീളുന്നതാകും ടൂര്‍ പരിപാടി. ആഡംബര ഹോട്ടലിലെ താമസം പോലെയാകില്ല ഈ യാത്രയും, താമസവുമെന്ന് നാസ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജെഫ് ഡ്യൂവിറ്റ് ഓര്‍മ്മിപ്പിക്കുന്നു. 

ജീവന്‍രക്ഷ, ഭക്ഷണം, വെള്ളം പോലുള്ളവ ലഭ്യമാക്കാനാണ് സ്വകാര്യ വ്യക്തികള്‍ ഈ തുക നല്‍കുന്നത്. സ്വകാര്യ കമ്പനികളായ സ്‌പേസ് എക്‌സ്, ബോയിംഗ് റോക്കറ്റുകളില്‍ കയറി ഏതൊരാള്‍ക്കും ബഹിരാകാശ കേന്ദ്രത്തിലെത്താം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബഹിരാകാശ കേന്ദ്രം തുറന്നുകൊടുക്കുകയാണ് നാസയുടെ ലക്ഷ്യം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.