Breaking Now

നിപ ബാധിതനായ വിദ്യാര്‍ത്ഥിയില്‍ വൈറസ് സാന്നിധ്യം കുറഞ്ഞു ; ആശങ്കകള്‍ക്ക് വിരാമം

വൈറസ് പൂര്‍ണമായി ഇല്ലാതായതായി സ്ഥിരീകരിക്കാന്‍ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

നിപ ബാധിച്ച വിദ്യാര്‍ത്ഥിയുടെ രക്തത്തിലും സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലാതായതായി കണ്ടെത്തി. കളമശേരി മെഡിക്കല്‍ കോളേജില്‍ പൂനെ വൈറോളജി ലാബിലെ സംഘം നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കുറഞ്ഞെന്ന് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയില്‍ നിന്ന് പരിശോധനയ്‌ക്കെടുത്ത നാല് സ്രവങ്ങളില്‍ മൂത്രത്തില്‍ മാത്രമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് പൂര്‍ണമായി ഇല്ലാതായതായി സ്ഥിരീകരിക്കാന്‍ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിപ സംശയുമായി എത്തുന്നവരുടെ സാംപിളുകള്‍ പരിശോധിക്കാന്‍ പൂനെ വൈറോളജി ലാബിലെ ഉദ്യോഗസ്ഥര്‍ കളമശേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 

 

അതേസമയം കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ ഡിസ്ചാര്‍ജായി. 'ഏഴ് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ ആറുപേരുടെയും സാംപിളുകള്‍ നെഗറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഒരാളുടെ പരിശോധന നടക്കുകയാണ്. നിലവില്‍ സംസ്ഥാനത്തെ നാല് ജില്ലകളിലായി 325 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതില്‍ തീവ്രനിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.