Breaking Now

ബ്രക്‌സിറ്റ് നടപ്പാക്കി കൈയില്‍ തരും; ഫരാഗിനെയും, കോര്‍ബിനെയും വീഴ്ത്താന്‍ പറ്റിയ പോരാളി ഞാനല്ലാതെ മറ്റാര്? തന്നെ പിന്തുണയ്ക്കാന്‍ ഇത്രയും കാരണങ്ങള്‍ പോരെ; കണ്‍സര്‍വേറ്റീവ് എംപിമാരോട് ബോറിസ്

പാര്‍ട്ടി നേതൃസ്ഥാനത്തിനുള്ള പോരാട്ടത്തില്‍ ബോറിസ് ജോണ്‍സണ്‍ തന്നെയാണ് മുന്നിലുള്ളത്

എന്നെ എന്ത് കൊണ്ട് അടുത്ത ടോറി പാര്‍ട്ടി നേതാവാക്കണം? ഈ വിഷയത്തില്‍ യൂറോപ്പ് അനുകൂലികളെയും, പാര്‍ട്ടി പ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിശദീകരണമാണ് ബോറിസ് ജോണ്‍സണ്‍ മുന്നോട്ട് വെയ്ക്കുന്നത്. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കണമെന്ന് ജനം വിധിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിക്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ല. ഇതോടെ ജനം പാര്‍ട്ടിയെ കൈവിടുന്ന അവസ്ഥ. ഇതില്‍ നിന്നെല്ലാം പാര്‍ട്ടിയെ രക്ഷിക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി എംപിമാര്‍ക്ക് നല്‍കുന്ന വാഗ്ദാനം. 

ബ്രക്‌സിറ്റ് നടപ്പാക്കി കൈയില്‍ തരാമെന്നതാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന പ്രധാന കാര്യപരിപാടി. കരാര്‍ നേടി പുറത്തിറങ്ങാന്‍ ബ്രിട്ടന് മാന്യമായ പദ്ധതികള്‍ ഇയു നല്‍കിയില്ലെങ്കില്‍ 39 ബില്ല്യണ്‍ പൗണ്ട് ഡിവോഴ്‌സ് പേമെന്റ് നിഷേധിക്കാനും താന്‍ തയ്യാറാണെന്ന് ബോറിസ് വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടിയും, പുതിയ ബ്രക്‌സിറ്റ് പാര്‍ട്ടിയുടെ ടോറികള്‍ക്ക് മുന്നില്‍ വെയ്ക്കുന്ന വെല്ലുവിളി ചെറുതല്ല. അവരെ തോല്‍പ്പിക്കാനും ഇപ്പോള്‍ തന്നെക്കൊണ്ട് മാത്രമാണ് സാധിക്കുകയെന്നും ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിക്കുന്നു. 

പാര്‍ട്ടി നേതൃസ്ഥാനത്തിനുള്ള പോരാട്ടത്തില്‍ ബോറിസ് ജോണ്‍സണ്‍ തന്നെയാണ് മുന്നിലുള്ളത്. എന്നിരുന്നാലും ഇദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് എത്താതിരിക്കാനും ഒരു സംഘം പ്രവര്‍ത്തിക്കുന്നു. ഇവരെ തൃപ്തിപ്പെടുത്താനാണ് ബോറിസിന്റെ ശ്രമങ്ങള്‍. നോ ഡീല്‍ പ്രശ്‌നങ്ങള്‍ നേരിടാനുള്ള നടപടിക്രമങ്ങളും ശക്തമാക്കുമെന്നാണ് ബോറിസ് ഉറപ്പ് നല്‍കുന്നത്. ബ്രക്‌സിറ്റ് പാര്‍ട്ടിയും, ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവുകളെ തറപറ്റിക്കാനുള്ള അവസരമായി കൊണ്ടുനടക്കുന്ന വിഷയങ്ങളിലാണ് ബോറിസ് തന്റെ കഴിവ് തെളിയിക്കാമെന്ന് ഉറപ്പ് നല്‍കുന്നത്. 

ഒക്ടോബര്‍ 31ന് ബ്രക്‌സിറ്റ് നടപ്പാക്കാന്‍ 'വണ്‍ നേഷന്‍ ടോറി' അജണ്ട നടപ്പാക്കുക മാത്രമാണ് പോംവഴിയെന്നും ബോറിസ് വ്യക്തമാക്കി. ഭാവി പരിപാടികളില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമാകും 39 ബില്ല്യണ്‍ പൗണ്ട് സെറ്റില്‍മെന്റിന് തയ്യാറാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.