Breaking Now

ദുബായ് എയര്‍പോര്‍ട്ടിന് സമീപം മലയാളികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ബസ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഒരു ഐറിഷ് അധ്യാപികയും; ദുരന്തം തേടിയെത്തിയത് കാമുകനൊപ്പം സഞ്ചരിക്കവെ; ബസ് ഡ്രൈവറുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് 17 പേരുടെ ജീവന്‍

ഫിയോണയും, കാമുകനും ഒരു വര്‍ഷം കൂടി ദുബായിലെ താമസം ദീര്‍ഘിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു

ദുബായ് എയര്‍പോര്‍ട്ടിന് സമീപമുണ്ടായ ബസ് അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ ഉള്‍പ്പെട്ട് അയര്‍ലണ്ട് സ്വദേശിനിയായ അധ്യാപിക. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദുരന്തത്തിന് ഇരയായത്. ഇതിനിടെയാണ് ബസില്‍ സഞ്ചരിച്ച ഒരാള്‍ ഡബ്ലിന്‍ ബാല്‍ബ്രിഗാനില്‍ നിന്നുമുള്ള 28-കാരി ഫിയോണ ഗെറാട്ടിയും ഉള്ളതായി തിരിച്ചറിഞ്ഞത്. കരിയറില്‍ നിന്നും ഒരു വര്‍ഷത്തെ ഇടവേളയെടുത്ത് ഇരിക്കുകയായിരുന്നു ഈ യുവതി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് റോഡില്‍ നിലകൊണ്ട സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

അധ്യാപകന്‍ കൂടിയായ കാമുകനും ഈ ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്നു. 20-കളില്‍ തന്നെ പ്രായമുള്ള ഇദ്ദേഹത്തിന് ഗുരുതര പരുക്കുകളാണ് ഏറ്റത്. ആന്തരിക പരുക്കുകളും ഭീതിജനകമാണെങ്കില്‍ റാഷിദ് ഹോസ്പിറ്റലില്‍ ഇദ്ദേഹം ജീവന്‍ തിരിച്ചുപിടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിയോണയും, കാമുകനും ഒരു വര്‍ഷം കൂടി ദുബായിലെ താമസം ദീര്‍ഘിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ഇവരുടെ സുഹൃത്ത് വെളിപ്പെടുത്തി. 

ദുബായ് അല്‍ വര്‍ഖ്വയിലെ സ്‌കൂള്‍ ഓഫ് റിസേര്‍ച്ച് സയന്‍സില്‍ അധ്യാപകരായിരുന്നു ഇരുവരും. ഫിയോണയുടെ രക്ഷിതാക്കള്‍ 40-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് അവരുടെ പ്രിയപ്പെട്ടവള്‍ ഇഹലോകവാസം വെടിഞ്ഞെന്ന വാര്‍ത്ത തേടിയെത്തിയത്. ഡ്രൈവ് ചെയ്യുന്നതിനിടെ വരുത്തിയ ചെറിയ തെറ്റും, അനാസ്ഥയുമാണ് ഇത്രയും പേരുടെ ജീവിതം നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് പോലീസ് ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ളാ അല്‍ മാരി വ്യക്തമാക്കി. ലോ-ക്ലിയറന്‍സ് സൈനിലേക്ക് ഡ്രൈവര്‍ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. 

ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് യാത്രക്കാരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രധാന ഹൈവേയില്‍ നിന്നും കടക്കവെയാണ് ഉയരത്തിന് പരിധി വെയ്ക്കാന്‍ ഘടിപ്പിച്ച സൈന്‍ ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം ഓടിച്ചത്. ഒമാനില്‍ നിന്നും മടങ്ങുകയായിരുന്ന ടൂറിസ്റ്റുകളായിരുന്നു ബസിലുണ്ടായിരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.