CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 31 Minutes 9 Seconds Ago
Breaking Now

അതിവേഗം, ബഹുദൂരം! വെള്ളിയാഴ്ച ബ്രിട്ടനില്‍ കാലുകുത്തിയ റൊമാനിയക്കാരന്‍ ശനിയാഴ്ച ടികെ മാക്‌സില്‍ നിന്നും മോഷണത്തിന് പിടിക്കപ്പെട്ടു; തിങ്കളാഴ്ച അഴിക്കുള്ളിലായി; ഇങ്ങനെ വേണം നിയമപാലനം

നോട്ടിംഗ്ഹാമിലെ ടികെ മാക്‌സില്‍ നിന്നും 508 പൗണ്ടിന്റെ വസ്തുക്കള്‍ അടിച്ചുമാറ്റാന്‍ ശ്രമിച്ചതായിരുന്നു കേസ്

ബ്രിട്ടനില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ തുറന്നുകിടക്കുന്നത് അവസരങ്ങളുടെ വാതായനങ്ങളാണ്. അതില്‍ ഏത് വാതായനത്തിലൂടെ കടക്കുമെന്ന തീരുമാനം ഓരോ വ്യക്തിയെയും അനുസരിച്ചിരിക്കും. വെള്ളിയാഴ്ച റൊമാനിയയില്‍ നിന്നും ബ്രിട്ടനില്‍ കാലുകുത്തിയ 20-കാരനും തനിക്ക് ഇഷ്ടപ്പെട്ട വഴി തെരഞ്ഞെടുത്തു. അതുകൊണ്ട് തന്നെ ബ്രിട്ടനില്‍ എത്തി 24 മണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പ് ഷോപ്പില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റാന്‍ ശ്രമിച്ചതിനാണ് ലിയോനാര്‍ഡ് വാള്‍ട്ടര്‍ ട്യൂഡര്‍ പിടിക്കപ്പെട്ടത്. 

വെള്ളിയാഴ്ചയാണ് ട്യൂഡര്‍ ബ്രിട്ടനില്‍ എത്തുന്നത്. ഇതിന് ശേഷം യോര്‍ക്ക്ഷയറില്‍ ഒരു പരിചയക്കാരനെ കാണാന്‍ എത്തി. പക്ഷെ തൊട്ടടുത്ത ദിവസം ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. നോട്ടിംഗ്ഹാമിലെ ടികെ മാക്‌സില്‍ നിന്നും 508 പൗണ്ടിന്റെ വസ്തുക്കള്‍ അടിച്ചുമാറ്റാന്‍ ശ്രമിച്ചതായിരുന്നു കേസ്. ഉത്പന്നങ്ങളിലെ സെക്യൂരിറ്റി ടാഗ് സിഗ്നലുകള്‍ മറികടക്കാനായി ഫോയില്‍ ലൈനുള്ള ബാഗാണ് ഒരു കുട്ടിയുടെ പിതാവ് കൂടിയായ ഇയാള്‍ ചെയ്തത്. 

സ്റ്റോറില്‍ വെച്ച് പിടിക്കപ്പെട്ട ട്യൂഡറെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. ഇവിടെ നിന്നും യംഗ് ഒഫെന്‍ഡേഴ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് 16 ആഴ്ചത്തേക്ക് അയച്ചു. ഇയാളുടെ കൂട്ടാളി അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ജോലി തേടിയാണ് ഡോങ്കാസ്റ്ററില്‍ ട്യൂഡര്‍ എത്തിയതെന്ന് പ്രോസിക്യൂട്ടര്‍ സഞജയ് ജെറാത്ത് വിശദീകരിച്ചു. ഇവിടെ വെച്ച് പരിചയമില്ലാത്ത ഒരു റൊമാനിയക്കാരന്‍ ഷോപ്പില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റാനുള്ള ജോലി ഓഫര്‍ ചെയ്തു. ഇത് സ്വീകരിക്കുകയും പിടിക്കപ്പെടുകയുമായിരുന്നു. 

14 ദിവസം മുന്‍പാണ് ഇയാള്‍ക്ക് കുഞ്ഞ് പിറന്നതെന്ന് പ്രതിഭാഗം പറഞ്ഞു. സൗത്ത് യോര്‍ക്ക്ഷയറില്‍ ജോലി ലഭിക്കാന്‍ സാധ്യതയും നിലനിന്നു. കൈയില്‍ പണമില്ലാത്തതിനാല്‍ ഇത്തരം ഒരു ഓഫര്‍ വന്നപ്പോള്‍ സ്വീകരിച്ച് പോയതാണ്, അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. റൊമാനിയയില്‍ നിന്നും വന്‍തോതില്‍ തട്ടിപ്പ് സംഘങ്ങള്‍ യുകെയില്‍ ജോലി ചെയ്ത് മടങ്ങുന്നതായാണ് യൂറോപോള്‍ പോലീസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ട്യൂഡര്‍ക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.  




കൂടുതല്‍വാര്‍ത്തകള്‍.