Breaking Now

ജ്വാല ഇമാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങി........ ഇത് ഗിരീഷ് കര്‍ണാഡിനുള്ള അശ്രുപൂജ......... പുതിയ കാര്‍ട്ടൂണ്‍ പംക്തിയും ഈ ലക്കം മുതല്‍ ആരംഭിക്കുന്നു

കന്നഡ ഭാഷയിലെ പ്രശസ്ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനുമായിരുന്ന, ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അന്തരിച്ച ഗിരീഷ് കര്‍ണാഡിന്റെ മുഖചിത്രവുമായി ജൂണ്‍ ലക്കം ജ്വാല ഇമാഗസിന്‍ പ്രസിദ്ധീകൃതമായി. യുക്മയുടെ പോഷക വിഭാഗമായ യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന 'ജ്വാല' ലോക പ്രവാസി മലയാളി സാംസ്‌ക്കാരിക പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.

മുന്‍ ലക്കങ്ങള്‍ പോലെത്തന്നെ സൗമ്യവും ദീപ്തവുമായ ഒരു വിഷയം എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റെജി നന്തികാട്ട് പരാമര്‍ശിക്കുന്നു. പലതരത്തിലുള്ള മലിനീകരണങ്ങള്‍ നമ്മുടെ ജീവിതത്തെ ദുഃസ്സഹമാക്കികൊണ്ടിരിക്കുകയാണ്. അതില്‍ ശബ്ദമലിനീകരണം എത്രമാത്രം ഉച്ചസ്ഥായിയിലാണെന്ന്  റെജി കൃത്യമായി പറഞ്ഞു വക്കുന്നു. രാഷ്ട്രീയത്തിലും ആത്മീയതയിലും എല്ലാം ഒച്ചവെച്ചു മനുഷ്യനെ കീഴ്‌പ്പെടുത്തി നേതാക്കള്‍ ആകുന്ന പ്രവണതയെ ആശങ്കയോടെ കാണേണ്ടതാണ്.

ജീവിതാനുഭവങ്ങളുടെ നേര്‍ ചിത്രങ്ങളും നിരവധി  കഥകളും കവിതകളും അടങ്ങുന്ന ഈ ലക്കത്തില്‍ ജ്വാല ഇമാഗസിന്റെ ചരിത്രത്തില്‍ ഇദംപ്രദമമായി കാര്‍ട്ടൂണ്‍ പംക്തിയും ആരംഭിക്കുകയാണ്. എഡിറ്റോറിയല്‍ അംഗം സി ജെ റോയി വരക്കുന്ന 'വിദേശവിചാരം' എന്ന കാര്‍ട്ടൂണ്‍ പംക്തി  ജ്വാല ഇമാഗസിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നു. മലയാളത്തിലെ കാര്‍ട്ടൂണ്‍ രചനകളുടെ നൂറു വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ത്തന്നെ ഈ പംക്തി തുടങ്ങുന്നത് കൂടുതല്‍ ഉചിതമാകുന്നു.

തമിഴിലും മലയാളത്തിലും കൃതികള്‍ രചിക്കുകയും നിരവധി കൃതികള്‍ തര്‍ജ്ജമ ചെയ്യുകയും ചെയ്തിരുന്ന സാഹിത്യകാരനായിരുന്നു ഈയിടെ അന്തരിച്ച തോപ്പില്‍ മുഹമ്മദ് ബീരാന്‍. തമിഴ് മലയാളം മൊഴികള്‍ക്കിടെയിലെ പാലമായി നിന്ന തോപ്പില്‍ മുഹമ്മദ് ബീരാനെ സ്മരിക്കുന്നു കെ എന്‍ ഷാജി.

മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടനാണ് അലന്‍സിയര്‍. നിരവധി വിവാദപരമായ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേരളം സമൂഹം ശ്രദ്ധയോടെ കേള്‍ക്കുന്നു. അലന്‍സിയര്‍ തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യകാലത്തെ കുറിച്ചു് രസകരമായി എഴുതിയിരിക്കുന്നു 'വായനശാല നാടകക്കളരിയാകുന്നു' എന്ന ലേഖനത്തില്‍. 

യുകെയിലെ എഴുത്തുകാരില്‍ വളരെ സുപരിചിതയായ  ബീനാ റോയ് രചിച്ച 'സദിര്‍' , രാജേഷ് വര്‍മ്മയുടെ 'പഞ്ഞിമരം ' എന്നീ കവിതകള്‍ വളരെ മനോഹരമായ രചനകളാണ്. കാര്‍ട്ടൂണിസ്റ്റും സാഹിത്യകാരനുമായ ജ്വാല എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം സി ജെ റോയിയുടെ 'അപ്പോള്‍, എന്ന കഥ ഉന്നത നിലവാരം പുലര്‍ത്തുന്നു. സോഷ്യല്‍ മീഡിയകളില്‍ വളരെ സുപരിചിതരായ അനുരാജ് പ്രസാദിന്റെ 'കണ്ണാടിമാളിക' സാമുവേല്‍ ജോര്‍ജ്ജിന്റെ ' പിക്‌നിക് ഹട്ട് ' എന്നീ കഥകള്‍ കഥാവിഭാഗത്തെ മനോഹരമാക്കുന്നു.

മലയാള സിനിമാചരിത്രത്തില്‍ പ്രഥമഗണനീയമായ ചിത്രമാണ് 'പെരുന്തച്ചന്‍'. ആ ഒറ്റ ചിത്രം മാത്രം സംവിധാനം ചെയ്ത ആളായിരുന്നു ഈയിടെ അന്തരിച്ച അജയന്‍. 'മാണിക്യക്കല്ലില്‍ തുടങ്ങി മാണിക്യക്കല്ലില്‍ ഒടുങ്ങിയ ചലച്ചിത്ര ജീവിതം' എന്ന ലേഖനത്തിലൂടെ സി ടി തങ്കച്ചന്‍ ശ്രീ അജയനെയും  മലയാള ചലച്ചിത്ര ലോകത്തെ നെറുകേടുകളെക്കുറിച്ചും ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.  അരുണ്‍ വി സജീവ് എഴുതിയ 'സിന്ധൂ നദീതട സംസ്‌കാരം' എന്ന നര്‍മ്മ കഥയും കൂടിയാകുമ്പോള്‍ ജൂണ്‍ ലക്കം പൂര്‍ണമാകുന്നു.

ജ്വാല ഇമാഗസിന്റെ ജൂണ്‍ 2019 ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക 

https://issuu.com/jwalaemagazine/docs/june_2019  

 സജീഷ് ടോം 

(യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 
കൂടുതല്‍വാര്‍ത്തകള്‍.