മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും, പിന്നെ ചവര്‍ക്കും, ഒടുവില്‍ മധുരിക്കും! ഇത് മലയാളികള്‍ കേട്ടുപഠിച്ച ഒരു പഴമൊഴിയാണ്. ഈ ഭയംകൊണ്ട് മുതിര്‍ന്നവര്‍ പറയുന്നത് ധിക്കരിക്കാന്‍ നമുക്കത്ര ധൈര്യവും പോരാ. ഇംഗ്ലണ്ടില്‍ ഈ പഴമൊഴി എത്താന്‍ വൈകിയത് കൊണ്ടാണോ എന്നറിയില്ല ഫിലിപ്പ് രാജകുമാരന് ഇത്തരമൊരു ഉപദേശം നടത്തിയിട്ടും ഹാരി രാജകുമാരന്റെ ചെവിയില്‍ അത് കടന്നില്ല. ഫലമോ മുത്തശ്ശന്റെ ഉപദേശം ലംഘിച്ച് നടിയായ അമേരിക്കക്കാരി മെഗാന് മാര്‍ക്കിളിനെ വിവാഹം കഴിച്ചു!
നടിമാര്‍ക്കൊപ്പം കറങ്ങാന്‍ പോകുന്നെന്ന് കരുതി ഒരാള്‍ അവരെ വിവാഹം ചെയ്യണമെന്നില്ലെന്നായിരുന്നു മെഗാന് മാര്‍ക്കിളുമായുള്ള ബന്ധത്തെക്കുറിച്ച് ഹാരിക്ക് ഫിലിപ്പ് രാജകുമാരന് നല്കിയ ഉപദേശം. പേരക്കുട്ടിയുടെ പ്രണയം സീരിയസാണെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു 98-കാരനായ ഫിലിപ്പ് ഹാരിയെ ഉപദേശിച്ച് നന്നാക്കാന്‍ നോക്കിയത്. ഹാരിയുടെ സഹോദരന് വില്ല്യമും ഇക്കാര്യത്തില്‍ ഉപദേശിച്ച് നോക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017-ലാണ് സസെക്സ് ഡ്യൂക്ക് മെഗാനോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നത്. ഇതിന് ഏതാനും നാള് മുന്‍പ് 'ഇക്കാര്യം ഉറപ്പുള്ളതാണോ?' എന്ന് വില്ല്യം അനുജനോട് അന്വേഷിച്ചിരുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുത്തശ്ശനും, ജ്യേഷ്ഠനും ഉപദേശിച്ചിട്ടും ഹാരി ഇത് ചെവിക്കൊള്ളാതെ മെഗാനുമായുള്ള ബന്ധവുമായി മുന്നോട്ട് പോയി. കഴിഞ്ഞ വര്‍ഷം മെയില്‍ ഇരുവരുടെയും വിവാഹം ആഘോഷപൂര്‍വ്വം അരങ്ങേറി.
ഫാദേഴ്സ് ഡേ ദിനവുമായി ബന്ധപ്പെട്ട് കുഞ്ഞ് ആര്‍ച്ചിയുടെ ചിത്രം ഹാരിയും, മെഗാനും പങ്കുവെച്ചതിന് പിന്നാലെയാണ് രാജകുടുംബത്തിലെ മുതിര്‍ന്നവര്‍ ഈ ബന്ധത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.