Breaking Now

ക്ലാസ് മുറിയില്‍ വയറുവേദനയെന്ന് പരാതിപ്പെട്ട് അഞ്ച് വയസ്സുകാരി; ഉറങ്ങാന്‍ കിടന്ന കുഞ്ഞ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; നെഞ്ചുതകര്‍ന്ന് മാതാപിതാക്കള്‍; ജീവന്‍ കവര്‍ന്നത് അപൂര്‍വ്വമായ കുടല്‍രോഗം

മരണപ്പെടുന്നതിന് ഒരു വര്‍ഷം മുന്‍പ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ഈ അവസ്ഥ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല

വീട്ടില്‍ കിടന്നുറങ്ങിയ കുഞ്ഞ് മകള്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും ആ മാതാപിതാക്കള്‍ ഇപ്പോഴും മോചിതരായിട്ടില്ല. ക്ലാസ് മുറിയില്‍ വെച്ച് വയറുവേദനയെന്ന് പരാതിപ്പെട്ട അഞ്ച് വയസ്സുകാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷമാണ് മകള്‍ക്ക് അപൂര്‍വ്വമായ കുടല്‍രോഗമുണ്ടെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. ഈസ്റ്റ് എസെക്‌സിലെ ഹോവിലുള്ള കെസിയാ ഡ്യൂകാണ് ജൂലൈ 2018-ല്‍ മരണപ്പെട്ടത്. 

ക്ലാസില്‍ വെച്ച് വയറുവേദന ഉണ്ടായെന്ന് പറഞ്ഞപ്പോള്‍ നന്നായി ഉറങ്ങിയാല്‍ എല്ലാം ഭേദപ്പെടുമെന്നാണ് രക്ഷിതാക്കളായ സൂസിയും, ഫില്ലും ഉപദേശിച്ചത്. എന്നാല്‍ ഉറക്കം കഴിഞ്ഞ് അവരുടെ മകള്‍ ജീവനോടെ എഴുന്നേറ്റില്ല. അടുത്ത ദിവസം മകളുടെ ജീവനറ്റ ശരീരമാണ് മാതാപിതാക്കളെ വരവേറ്റത്. കുട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമാകുകയായിരുന്നു. 

ജനനം മുതല്‍ മലബന്ധവും, വയറുവീര്‍ക്കലും മൂലം പെണ്‍കുഞ്ഞിന് ചികിത്സ നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കുട്ടിക്ക് സിഗ്മോയ്ഡ് കൊളോണ്‍ വള്‍വുലസ് എന്ന അവസ്ഥയുണ്ടായിരുന്നെന്ന് കണ്ടെത്തുന്നത്. അത്യധികം അപൂര്‍വ്വമായ കുടല്‍രോഗമാണ് ഇത്. വന്‍കുടലിന് നീളം കൂടുകയും, ഇടയ്ക്ക് കെട്ടുപിണയുന്നതുമാണ് ഈ അവസ്ഥ. ഇത്തരത്തില്‍ കെട്ടുപിണയുമ്പോള്‍ രക്തമൊഴുക്ക് തടസ്സപ്പെടുകയും വന്‍കുടലിനെ കൊന്നുകളയാനും ഇടയാക്കുമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പീഡിയാട്രിക് പതോളജിസ്റ്റ് ഡോ. ആന്‍ഡ്രിയാസ് മാര്‍നെറൈഡ്‌സ് പറയുന്നു. ഇത് ചിലപ്പോള്‍ അപകടകരവുമാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചെറിയ കുട്ടികളില്‍ ഈ അവസ്ഥ വളരെ അപൂര്‍വ്വമാണെന്നും ഡോക്ടര്‍ പറഞ്ഞു. മരണപ്പെടുന്നതിന് ഒരു വര്‍ഷം മുന്‍പ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ഈ അവസ്ഥ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മരണം സാധാരണമെന്നാണ് കൊറോണര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ മകളുടെ രോഗാവസ്ഥയുടെ യാഥാര്‍ത്ഥ്യം കൃത്യമായി തങ്ങളെ അറിയിച്ചില്ലെന്ന് കാണിച്ച് കെസിയയുടെ പിതാവ് കൊറോണറുടെ തീര്‍പ്പിനെതിരെ കത്തയച്ചിട്ടുണ്ട്.  




കൂടുതല്‍വാര്‍ത്തകള്‍.