Breaking Now

വിമതരെ ഹോട്ടലിലെത്തി കണ്ട് ബിജെപി നേതാക്കള്‍ ; കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുന്നു

എംഎല്‍എമാരെ കടത്തിയതിന് പിന്നില്‍ ബിജെപിയുടെ കയ്യുണ്ടെന്നുള്ള സഖ്യനേതാക്കളുടെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതാകും ഈ കൂടിക്കാഴ്ച.

കര്‍ണാടക പ്രതിസന്ധി തുടരവെ മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലിലെത്തി വിമത എംഎല്‍എമാരെ കണ്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍. മുന്‍ സ്പീക്കര്‍ കെ ജി ബൊപ്പയ്യയും മുന്‍ ഉപമുഖ്യമന്ത്രി ആര്‍ അശോകയുമാണ് മുംബൈയിലെ സ്വകാര്യ ഹോട്ടലിലെത്തി വിമതരെ കണ്ടത്. നാളെ ഗവര്‍ണറെ കണ്ട് ഇടപെടാന്‍ ആവശ്യപ്പെടാനിരിക്കുകയാണ് യെദിയൂരപ്പ. എല്ലാറ്റിനും പിന്നില്‍ ബിജെപിയാണെന്നും, എംഎല്‍എമാരെ കടത്തിയതിന് പിന്നില്‍ ബിജെപിയുടെ കയ്യുണ്ടെന്നുമുള്ള സഖ്യനേതാക്കളുടെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതാകും ഈ കൂടിക്കാഴ്ച. 

ഇതിനിടെ, കോണ്‍ഗ്രസ്  ജെഡിഎസ് സഖ്യസര്‍ക്കാരിന് സമയം നീട്ടി നല്‍കിയ സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങി ബിജെപി. വിധാന്‍ സൗധയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് പ്രഖ്യാപനം. നാളെ ഗവര്‍ണറെ നേരിട്ട് കണ്ട്, ഇടപെടണമെന്ന് യെദിയൂരപ്പയും എംഎല്‍എമാരും ആവശ്യപ്പെടും

ഗവര്‍ണര്‍ ഇടപെട്ടാല്‍ കളി മാറും. സ്പീക്കറോട് റിപ്പോര്‍ട്ട് തേടാനും തുടര്‍ നടപടികളില്‍ നിര്‍ദേശം നല്‍കാനും ഗവര്‍ണര്‍ക്ക് കഴിയും. ഇതൊഴിവാക്കാനാണ് കോണ്‍ഗ്രസ്  ദള്‍ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.